ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതായി. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ബന്ദിപ്പോറയിലെ ബക്തൂറില്‍ സൈനിക പോസ്റ്റിനു സമീപമാണു തിങ്കളാഴ്ച രാത്രിയില്‍ കനത്ത ഹിമപാതമുണ്ടായത്. സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തടസ്സമുണ്ടാക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഒരു ആര്‍മി പോര്‍ട്ടറെയും ഹിമപാതത്തില്‍ കാണാതായിരുന്നു. കനത്ത മഞ്ഞ്, കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.

പൂഞ്ചിനെയും രജൗരിയെയും ഷോപിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും ശ്രീനഗര്‍ ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടിരിക്കുകയാണ്. നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് നിരീക്ഷണകേന്ദ്രം പറയുന്നത്. ശ്രീനഗറില്‍ ഇടവിട്ട മഴയും തുടരുകയാണ്.