മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് ആനപ്പൊയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം.

ആലപ്പൊയില്‍ പുനത്തില്‍ സെയ്തലവി (40), ഭാര്യ ഹസീന(29),മക്കള്‍ മുഹസീന്‍(11), അന്‍സാര്‍(എട്ട്), അഫ്‌നാസ് (അഞ്ച്്) എന്നിവരെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്. ഹസീനയും മക്കളും വെട്ടേറ്റാണ് മരിച്ചത്. സെയ്തലവിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബവഴക്കാണ് ഇവരുടെ കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

രാവിലെ അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. സെയ്തലവിയെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു നാലുപേരുടെ മൃതദേഹങ്ങള്‍ വീടിനകത്ത് കണ്ടത്. ഇന്നലെ കനത്ത മഴയായിരുന്നതിനാല്‍ വീടിനുള്ളില്‍ നിന്നും രാത്രി ശബ്ദമൊന്നും കേട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ഹോട്ടല്‍ തൊഴിലാളിയാണ് സെയ്തലവി. കഴിഞ്ഞ കുറേ നാളുകളായി സൈതലവി ജോലിക്ക് പോകുന്നില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വഴിക്കടവ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ കോഴിക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തും.