തിരുവനന്തപുരം: ജനമൈത്രി പോലീസ് പദ്ധതി പുതുതായി നടപ്പാക്കുന്ന പോലീസ് സ്റ്റേഷനുകളില്‍ അഞ്ച് തസ്തികകള്‍ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

ജനമൈത്രി സുരക്ഷാപദ്ധതി സംസ്ഥാനതല സെമിനാര്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടപ്പാക്കിയ ജനമൈത്രി പോലീസ് സംവിധാനം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുകയാണ്. കുറ്റകൃത്യങ്ങളുണ്ടാവുന്ന സാഹചര്യമൊഴിവാക്കുകയാണ് കുറ്റകൃത്യങ്ങളുണ്ടായശേഷം തടയുന്നതിനേക്കാള്‍ അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ ജനമൈത്രി പോലീസ് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ജനമൈത്രി പോലീസിന് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ല, തുടര്‍ നടപടികളുടെ വേഗത നോക്കിയാണ് ക്രമസമാധാനനിലയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണം, വൃദ്ധജന പരിപാലനം തുടങ്ങി എല്ലാ ജനകീയ പ്രശ്‌നങ്ങളിലും ഫലപ്രദമായി ആദ്യം പ്രതികരിക്കുന്ന സംഘമായി ജനമൈത്രി പോലീസ് മാറണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം  നടത്തി. എം.എ. വാഹിദ് എം.എല്‍.എ, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, എ.ഡി.ജി.പി. ബി. സന്ധ്യ, ഡോ സെലിന്‍ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.