ന്യൂദല്‍ഹി: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് അഞ്ചു രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീകരാക്രമണ സാധ്യത ചൂണ്ടിക്കാട്ടി യു.എസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉത്സവ സീസണോട് അനുബന്ധിച്ച് ഇന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും ഈ സമയത്ത് ഇന്ത്യയിലെത്തുന്നവര്‍ ജാഗ്രത പാലിക്കണം എന്നുമാണ് മുന്നറിയിപ്പ്.

അതേസമയം, നടപടിയില്‍ ഇന്ത്യാ സര്‍ക്കാര്‍ അതൃപതി അറിയിച്ചു. ഈ ജാഗ്രതാ നിര്‍ദേശം ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിക്കുമെന്നും ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുത്തനെ കുറയ്ക്കുമെന്നും ടൂറിസം മന്ത്രി സുബോധ് കാന്ത് പറഞ്ഞു. മുന്നറിയിപ്പ് ഉടന്‍ പിന്‍വലിക്കണമെന്നും രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു.

ടൂറിസം മുന്നറിയിപ്പ് തുടര്‍ന്നാല്‍ നല്ലൊരുശതമാനം വിദേശികള്‍ ഇന്ത്യയെ തഴഞ്ഞ് തായ്‌ലന്‍ഡ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേയ്ക്കു ഒഴുകുമെന്നാണ് സൂചന. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യ സന്ദര്‍ശിച്ച വിദേശകളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്താല്‍ ഇന്ത്യയിലെ ടൂറിസം രംഗം ഒരുപരിധിവരെ തഴയപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണം 0.59 ശതമാനമായിരിക്കെ, ചൈനയുടേത് 5.8 ശതമാനവും തായ്‌ലന്‍ഡിലേത് 1.62 ശതമാനവുമാണ്. രാജ്യത്തെ പ്രധാന ബീച്ചില്‍ 27 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയപ്പോള്‍ തായ്‌ലന്‍ഡിലെ ഫുകെറ്റ് ബീച്ചില്‍ 50 ലക്ഷം വിദേശികളാണ് എത്തിയത്. 31 ലക്ഷം വിദേശികള്‍ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ ചൈനയിലെ വന്‍ മതില്‍ സന്ദര്‍ശിച്ചത് ഒരു കോടി വിദേശ സഞ്ചാരികളാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയാവുന്ന മുന്നറിയിപ്പ് അഞ്ചു രാജ്യങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.