ആലപ്പുഴ: ചങ്ങനാശേരി -ആലപ്പുഴ റോഡില്‍ പള്ളിക്കൂട്ടുമ്മ ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഇന്നുപുലര്‍ച്ചേ രണ്ടരയോടെ സ്‌കോര്‍പിയോ കനാലിലേക്ക് മരിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം ഇരവിപുരം മുരുകാലയത്തില്‍ ബാലഭദ്രന്‍ , ഭാര്യ സരസ്വതി, മക്കളായ കൃഷ്ണകുമാര്‍ , മുരുകന്‍ , ബന്ധുവായ വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ബന്ധു കരുണാകരന്‍ നായര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഒരാളെ മാത്രമാണ് രക്ഷിയ്ക്കാനായത്. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട കരുണാകരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാംഗളൂരിലെ ഷഗള്ളിയില്‍ സ്ഥിരതാമസക്കാരാണ് ബാലഭദ്രനും കുടുംബവും. കൊല്ലത്തെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.