കാവേരിയില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു; തമിഴ്‌നാടിലെ 12 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
national news
കാവേരിയില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു; തമിഴ്‌നാടിലെ 12 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd July 2018, 11:02 pm

സേലം: കാവേരിയില്‍ കുളിക്കാനാറിങ്ങിയ ബന്ധുക്കളായ അഞ്ച് പേര്‍ മുങ്ങി മരിച്ചു. മെട്ടൂര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടതോടെ കാവേരിയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റെഡിയാര്‍പാളയത്തിനടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചത്.

കൂട്ടത്തിലുണ്ടായിരുന്ന ഏഴ് വയസുകാരന്‍ എസ്. ഹരിഹരന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈഷ്ണവി(20) എന്‍. സരവണന്‍(35), എസ്. മൈഥിലി(32), എസ്. രവീണ(17) എന്നിവര്‍ മുങ്ങിമരിച്ചത്.


രാജസ്ഥാനില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ആളെ വൈകിയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചതെന്ന് വെളിപ്പെടുത്തല്‍;  പശുക്കളെ കയറ്റിയയച്ച്, ചായകുടിച്ച്, പൊലീസ് സ്റ്റേഷനില്‍ പോയി വന്നതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്


പുഴയിലിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നുവെന്നും അധികാരികള്‍ അറിയിച്ചു. ഡാമിലെ അധിക ജലം തുറന്നുവിടുന്നതിന് മുന്‍പും ശേഷവും കൃത്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

മെട്ടൂര്‍ ഡാമിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പുഴയോട് അടുത്ത് നിന്നോ പുഴയിലിറങ്ങിയോ സെല്‍ഫികളോ ചിത്രങ്ങളോ പകര്‍ത്തരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.


വിശാലസഖ്യം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം; ബി.ജെ.പിയെ താഴെയിറക്കുകയാണ് പ്രധാനലക്ഷ്യമെന്ന് രാഹുല്‍ഗാന്ധി


ധര്‍മപുരി, സേലം, ഈറോഡ്, നാമക്കല്‍, കരൂര്‍, ട്രിച്ചി, തഞ്ചാവൂര്‍, തിരുവരൂര്‍, നാഗപട്ടിണം, കടലൂര്‍, പുതുക്കോട്ടൈ, അരിയളൂര്‍ എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രിച്ചിയില്‍ അപകട സാധ്യതയുള്ള ഇരുപത് പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പ്രത്യേക സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ കെ. രാജമണി മാധ്യമങ്ങളെ അറിയിച്ചു.