കൊല്ലം: കൊല്ലം തീരത്തടിഞ്ഞ മൃതദേഹങ്ങളിലൊന്ന് കാണാതായ മത്സ്യതൊഴിലാളി പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ ബോസ്‌കോ നഗറില്‍ ബേബിച്ചന്‍ എന്ന ബര്‍ണാഡിന്റെതാണെന്ന് തിരിച്ചറിഞ്ഞു. കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ബര്‍ണാഡ്. കാണാതാകുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളില്‍ നിന്നാണ് മൃതദേഹം ബര്‍ണാഡിന്റേതാണെന്ന് ഉറപ്പിച്ചത്.

തിരുമുല്ലവാരത്തിന് സമീപത്തുനിന്നാണ് ബര്‍ണാഡിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയും ചെയ്തു. പിന്നീട് കോസ്റ്റ് ഗാര്‍ഡെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം ബോട്ടില്‍ കൊല്ലത്തെത്തിച്ചു. അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ആശുപത്രിയിലെത്തിയ ബെര്‍ണാഡിന്റെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നുച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതിനിടെ കരുനാഗപ്പള്ളി പറയകടവിന് സമീപത്തുനിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ കോസ്റ്റ്ഗാര്‍ഡിനെ അറഇയിച്ചിരുന്നു. എന്നാല്‍ ഈ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴ തീരത്ത് മൃതദേഹം കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനിയിരുന്നില്ല.

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഉണ്ടായ അപകടത്തില്‍പ്പെട്ട ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസിനെയാണ് ഇനി കാണാനുള്ളത്.

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ഡോണ്‍ വണ്‍ എന്ന ബോട്ടിനെ കപ്പല്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു. മാര്‍ച്ച് 1 വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ബോട്ടിന്റെ സ്രാങ്ക് കാവില്‍ത്തോട്ടം കിണറ്റിന്‍കര വീട്ടില്‍ എല്‍ ജസ്റ്റിന്‍, നീണ്ടകര പുത്തന്‍തുറ എ.എം സി ജംങ്ഷനില്‍ ആന്റണി ഭവനില്‍ സേവ്യര്‍ (39) എന്നിവര്‍ മരണമടഞ്ഞിരുന്നു. മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതില്‍ സന്തോഷിന്റെ മൃതദേഹം ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു

Malayalam news

Kerala news in English

.