എഡിറ്റര്‍
എഡിറ്റര്‍
മസ്‌ക്കറ്റില്‍ തൊഴില്‍ പീഠനം: പരാതിപ്പെട്ട മലയാളി മത്സ്യത്തൊഴിലാളിയെ മര്‍ദ്ദിച്ചവശനാക്കി
എഡിറ്റര്‍
Thursday 15th March 2012 10:02am

മസ്‌ക്കറ്റ്: മണിക്കൂറുകളോളം ജോലി ചെയ്തിനുശേഷം അല്പസമയം വിശ്രമിക്കാനിരുന്നതിന് ഒമാനിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയ്ക്ക് ക്രൂരമായ മര്‍ദ്ദനം. മേലധികാരിയും ബന്ധുവും ചേര്‍ന്നാണ് ജഫേഴ്‌സണ്‍ എന്ന മലയാളിയായ മത്സ്യത്തൊഴിലാളിയെ മസ്‌ക്കറ്റില്‍ മര്‍ദ്ദിച്ചവശനാക്കിയത്. ചാട്ടവാറടിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ദേഹത്ത് ദൃശ്യമാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ  മത്സ്യക്കച്ചവടത്തിനായി പോയ ജഫേഴ്‌സണ്‍ തിരിച്ചുവന്നത് രാത്രി 7 മണിയോടെ ജോലി അവസാനിപ്പിച്ച് മടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് കച്ചവടത്തിനായി പുതിയ ലോഡ് എത്തിയത്. ജോലി മതിയാക്കാതെ വീണ്ടും പണിചെയ്യാന്‍ മേലധികാരി ജഫേഴ്‌സനെ നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ ക്ഷീണിതനാണെന്നും ഇനി എന്നെ കൊണ്ട് ജോലിചെയ്യിക്കരുതെന്നും ജഫേഴ്‌സണ്‍ അപേക്ഷിച്ചു.

എന്നാല്‍ മലയാളത്തില്‍  ജഫേഴ്‌സണ്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാതെ മുതലാളി ഇദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം അന്നത്തോടെ അവസാനിച്ചില്ല. പിന്നേ ദിവസവും അയാള്‍ ഇദ്ദേഹത്തെ  ക്രൂരമായി അടിച്ചു. അങ്ങനെ അടുത്തുള്ള ദുഗം പോലീസ് സ്‌റ്റേഷനിലെത്തിയ ജഫേഴ്‌സണ്‍ അവിടെയുണ്ടായിരുന്ന കൊല്ലത്തുകാരനായ മലയാളി ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

പരാതിയെ തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും ഉണ്ടായി. എന്നാല്‍  പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍  മേലധികാരിയും അയാളുടെ ബന്ധുവും ചേര്‍ന്ന് ഒട്ടകത്തെ മേയ്ക്കുന്ന ചൂരല്‍വടി കൊണ്ട് ജഫേഴ്‌സണെ ക്രൂരമായി അടിച്ചു. പിന്നീട് ആശുപത്രിയിലായ ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം പോലീസിന് കൈമാറുകയായിരുന്നെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വെല്‍ഫെയര്‍ സെക്രട്ടറി പി.എം ജാബിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജഫേഴ്‌സനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചതായി പി.എം ജാബിര്‍ വ്യക്തമാക്കി.  വിഷയത്തില്‍ ഇടപെടാനായി ഇന്ത്യന്‍ എംബസി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English 

Advertisement