fish-oilനാം അധികം ഉപയോഗിക്കാത്ത എണ്ണ വിഭാഗമാണ് മത്സ്യ എണ്ണ. എന്നാല്‍ അത്ര തള്ളിക്കളയേണ്ട സാധനമല്ല ഇതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

നാം ഏറെ ഭയക്കുന്ന ചില രോഗങ്ങള്‍ക്ക് ഇവ ഉത്തമ ഔഷധമാണെന്നാണ് ഈ പഠനങ്ങളില്‍ നിന്നും വ്യക്തമായത്. ഓട്ടിസം, ഡിമന്‍ഷ്യ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇവ ഉത്തമമാണ്. ഇതിനൊക്കെ പുറമേ മദ്യത്തോടുള്ള അമിതാസക്തി കുറയ്ക്കാനും ഇവ ഉപയോഗിക്കാമത്രേ.

മത്സ്യ എണ്ണയിലുള്ള പ്രധാന ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ഇവ മദ്യത്തോടുള്ള അമിത താല്‍പര്യം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യാന യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിനിലെ വിദ്യാര്‍ത്ഥികളാണ് മത്സ്യ എണ്ണയുടെ ഈ ഗുണങ്ങള്‍ കണ്ടെത്തിയത്. മത്സ്യ എണ്ണ കഴിക്കുന്നത്‌കൊണ്ട് ബൈ പോളാര്‍ ഡിസോഡറുകളില്‍ നിന്നും (ഒരു തരം മാനസിക പ്രശ്‌നങ്ങള്‍) രക്ഷനേടാനാകുമോ എന്നതിനെക്കുറിച്ച് നടന്ന പഠനത്തിനിടയില്‍ യാദൃശ്ചികമായാണ് ഇവയ്ക്ക് മദ്യാസക്തിയെ നിയന്ത്രിക്കാനാകുമെന്ന് കണ്ടെത്തിയത്.

മാനസിക വൈകല്യങ്ങളുള്ള എലികളിലാണ് ഇവര്‍ പഠനം നടത്തിയത്. എലികളിലെ ഈ പ്രശ്‌നങ്ങള്‍ മത്സ്യ എണ്ണ ഉപയോഗിച്ചപ്പോള്‍ കുറയുന്നതായി കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സ് നിക്കോളാസ് പറഞ്ഞു.