ന്യൂയോര്‍ക്ക്: ടൈം സ്‌ക്വയര്‍ ബോംബ് സ്‌ഫോടന ശ്രമക്കേസില്‍ അറസ്റ്റിലായ പാക് പൗരന്‍ ഫൈസല്‍ ഷഹസാദിന് യു.എസ് കോടതി പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ജൂണ്‍ പത്തിന് ഷഹസാദ് കുറ്റക്കാരനാണെന്ന് മാന്‍ഹാട്ടന്‍ കോടതി കണ്ടെത്തിയിരുന്നു.

മെയ് ഒന്നിന് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ടൈംസ്‌ക്വയറില്‍ സ്‌ഫോടനം നടത്താന്‍ ഷഹസാദ് പദ്ധതിയിട്ടുവെന്നാണ് കേസ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തിരിച്ചറിഞ്ഞതോടെ സ്‌ഫോടന ശ്രമം പരാജയപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വിമാനത്താവളത്തില്‍ വെച്ചാണ് ഷഹസാദ് പൊലീസ് പിടിയിലായത്.

ദീര്‍ഘനേരത്തെ വാദത്തിനൊടുവിലാണ് ഷഹസാദിനെതിരെയുള്ള ശിക്ഷാ വിധി കോടതി പ്രഖ്യാപിച്ചത്. അമേരിക്കയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരെ യുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഷഹസാദ് വ്യക്തമാക്കി. ‘ നിങ്ങള്‍ ഞങ്ങളെ ഭീകരരെന്ന് വിളിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ഭൂമി ഉപേക്ഷിച്ച് പോകുന്നത് വരെയും ഞങ്ങളുടെ ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നത് വരെയും അത് തുടരും’ ഷഹസാദ് കോടതിയില്‍ പറഞ്ഞു.

അമേരിക്ക നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും അതിന്റെ ന്യായ അന്യായങ്ങളെക്കുറിച്ചും കോടതിയില്‍ ചര്‍ച്ച നടന്നു. 11ാം നൂറ്റാണ്ടില്‍ ജറുസലേം വിമോചിപ്പിച്ച മുസ്‌ലിം നോതാവ് സ്വലാഹുദ്ദീന്‍ അയ്യൂബിയെക്കുറിച്ചുള്ള ചര്‍ച്ചകളും കോടതി മുറിയില്‍ നടന്നു.