ഗുവാഹത്തി: അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു തുടക്കമിട്ട് അസമില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 62 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് വോട്ട് പോളിംങ്ബൂത്തുകളിലെത്തും.

ആദ്യ ഘട്ടത്തില്‍ 85,09,011 വോട്ടര്‍മാര്‍ 485 സ്ഥാനാര്‍ഥികളുടെ വിധി നിശ്ചയിക്കും. ഇതില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടും. 11,264 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഇവയില്‍ 5835 ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

അസമില്‍ തിരഞ്ഞെടുപ്പിനായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിരോധിത സംഘടനയായ ഉള്‍ഫയുടെ പരീഷ് ബറുവ വിഭാഗത്തിന്റെ ഭീഷണിയുണ്ട്. പുറമേ, പ്രചാരണ ഘട്ടത്തില്‍ സ്ഥാനാര്‍ഥികളുടെ അനുയായികള്‍ പലയിടത്തും ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 346 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്, ബി.ജെ.പി, എ.ജി.പി കക്ഷികള്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്നാണ് തിരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ശേഷിക്കുന്ന 64നാല് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും.