എഡിറ്റര്‍
എഡിറ്റര്‍
‘ശത്രുവായ സര്‍ക്കാറിനെ പ്രാര്‍ത്ഥനയിലൂടെ തുരത്തണമെന്ന് വെളിപാട് ഉണ്ടായി’; ആദ്യ മൂന്നാര്‍ ദൗത്യ സംഘത്തെ ഓടിച്ചത് പ്രാര്‍ത്ഥനയിലൂടെയെന്നും സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍
എഡിറ്റര്‍
Monday 24th April 2017 10:02am

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി എത്തിയ ആദ്യ ദൗത്യസംഘത്തെ ഓടിച്ചത് കഠിനമായ പ്രാര്‍ത്ഥനയിലൂടെയെന്ന് ‘സ്പിരിറ്റ് ഇന്‍ ജീസസി’ന്റെ തലവനായ ടോം സഖറിയ. 2007-ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കാനായി ദൗത്യ സംഘം എത്തിയത്.

ശത്രുവായ സര്‍ക്കാറിനെ പ്രാര്‍ത്ഥനയിലൂടെ ഓടിച്ചത് അമ്മ മറിയത്തിന്റെ വെളിപാട് പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയായ ‘ഹോളി ക്യൂനി’ന്റെ 2014 ഓഗസ്റ്റ് ലക്കത്തില്‍ പേര് വെച്ചെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: കുതിരവട്ടത്തെയും ഊളമ്പാറയിലെയും അന്തേവാസികള്‍ ആരുടേയും തമാശയല്ല; എം.എം മണിയുടെ ഊളമ്പാറ പ്രസ്താവനക്കെതിരെ എന്‍ പ്രശാന്ത് നായര്‍


മൂന്നാറിലെ പാവപ്പെട്ടവരുടെ വസ്തുവകകളാണ് കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചുകൊണ്ടിരുന്നത്. പട്ടയങ്ങളെല്ലാം വ്യാജമാണെന്ന് വരുത്തിത്തീര്‍ത്തു. മൂന്നാര്‍ ശ്മശാന തുല്യമായി. ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച ചിന്നക്കനാലിലെത്തിയപ്പോഴാണ് അമ്മ മറിയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായത്.

ഇതിനെ തുടര്‍ന്ന് 2007 ജൂണ്‍ ഒന്നിന് പ്രാര്‍ത്ഥന തുടങ്ങി. മൂന്ന് ദിവസം നീണ്ട പ്രാര്‍ത്ഥനയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ നേതൃത്വത്തില്‍ നടത്തിയത്. പ്രാര്‍ത്ഥന ശക്തമായതോടെ മൂന്നാറിലെ കെട്ടിടം പൊളിക്കല്‍ അവസാനിച്ചു.

ആരംഭത്തില്‍ പൊളിക്കലിനെതിരായ സ്റ്റേ ഹര്‍ജികള്‍ കോടതികള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പ്രാര്‍ത്ഥനയുടെ ഫലമായി കോടതിയുടെ മനസും മാറിയെന്ന് ടോം സഖറിയ അവകാശപ്പെടുന്നു.

2008 ഒക്ടോബര്‍ വരെ സ്പിരിറ്റ് ഇന്‍ ജീസസിന് സൂര്യനെല്ലിയില്‍ ഭൂമിയോ കെട്ടിടമോ ഉണ്ടായിരുന്നില്ല. തന്റെ പിതാവ് വാഗ്ദാനം ചെയ്ത മൂന്നേക്കര്‍ ഭൂമിയിലാണ് മേരിലാന്‍ഡ് എന്നപേരില്‍ സൂര്യനെല്ലിയിലെ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും ടോം സഖറിയ മുഖപ്രസംഗത്തില്‍ വിവരിക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement