വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് (82) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്റ്റ് എട്ടിന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആരോഗ്യനില മോശമായി. ഇതേതുടര്‍ന്നാണ് മരണം സംഭവിച്ചത്.

Ads By Google

ആംസ്‌ട്രോങ്ങിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍ എവിടെവെച്ചാണ് അദ്ദേഹം മരിച്ചതെന്ന് കാര്യം ബന്ധുക്കള്‍ പുറത്തുവിട്ടിട്ടില്ല.  സിന്‍സിനാറ്റിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്‌ട്രോങ്് 82-ാം ജന്മദിനം ആഘോഷിച്ചത്.

1969 ജൂലൈ 20നാണ് നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11-ല്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ആംസ്‌ട്രോങ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് അപ്പോളോ 11-ല്‍ ചന്ദ്രനിലെത്തിയത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്‌ട്രോങ്ങായിരുന്നു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു.

ചന്ദ്രനില്‍ കാല് കുത്തിയ ഉടനെ അദ്ദേഹം ഉച്ഛരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി. ‘മനുഷ്യന് ഇതൊരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും’.

1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹിയോയിലാണ് നീല്‍ ആംസ്‌ട്രോങ് ജനിച്ചത്. 16ാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്‌ട്രോങ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റ് പൈലറ്റ്, സര്‍വകലാശാല അധ്യാപകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1962ല്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.