Categories

അഞ്ചേരി ബേബി വധം: എം.എം മണിയെ ഒന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മണിക്കെതിരെ ഗൂഢാലോചന, പ്രതികളെ സംരക്ഷിക്കല്‍ എന്നീ കുറ്റങ്ങളാവും ചുമത്തുക.

Ads By Google

അഞ്ചേരി ബേബി വധക്കേസിലെ ആദ്യപ്രതിപ്പട്ടികയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. എം.എം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തയ്യാറാക്കുന്ന ആദ്യ പ്രതിപ്പട്ടികയാണിത്.

മണിയുള്‍പ്പെടെ 3 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

കൊച്ചി റേഞ്ച് ഐ.ജി. കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ കേസില്‍ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന ആദ്യ റിപ്പോര്‍ട്ടില്‍ ജയചന്ദ്രനെ പ്രതി ചേര്‍ക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന എം.എം മണിയുടെ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധം പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എം.എം മണിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രസംഗത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.ഐ.എം മണിയെ നീക്കിയിരുന്നു.