കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ നിന്നും യാത്ര തിരിച്ചു. 300 പേരടങ്ങുന്ന സംഘമാണ് ആദ്യബാച്ചില്‍ പുറപ്പെട്ടത്. സൗദി എയര്‍ലൈന്‍സാണ് ഇക്കുറി സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വി അബൂബക്കറാണ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തത്.

പന്ത്രണ്ട് മണിക്ക് ശേഷമാണ് ആദ്യവിമാനം പുറപ്പെട്ടത്. വൈകിട്ട് നാലിന് രണ്ടാമത്തെ വിമാനം യാത്ര തിരിക്കും. 350 പേരാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. 9282 പേരാണ് ഇക്കുറി സംസ്ഥാനത്ത് നിന്നും ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുക. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ 29 സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുക.

സംസ്ഥാനത്ത് നിന്ന് സ്വകാര്യ ഹജ്ജ് സംഘത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.