മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നീ നടന്മാരെപ്പോലെ ബോളിവുഡില്‍ കാലെടുത്തുവയ്ക്കാന്‍ ദിലീപിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ബച്ചന്‍ കുടുംബത്തോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് ദിലീപിനാണ്. സിനിമയിലല്ല പരസ്യ ചിത്രത്തിലാണെന്ന് മാത്രം.

Ads By Google

ഏകദേശം ഒരു മാസം മുമ്പാണ് ദിലീപും ബിഗ് ബിയും ഒരുമിക്കുന്ന പരസ്യം പുറത്തിറങ്ങിയത്. ബിഗ് ബിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നാണ് ദിലീപ് അന്ന് പറഞ്ഞത്. ഇപ്പോഴിതാ ബച്ചന്‍ കുടുംബത്തിലെ മറ്റൊരംഗത്തിനൊപ്പം അഭിനയിക്കാന്‍ ദിലീപിന് ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

ഐശ്വര്യറായി ബച്ചനൊപ്പമാണ് ദിലീപ് ഒരുമിക്കുന്നത്. ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുവരുമൊരുമിക്കുന്ന പരസ്യം ചെയ്യുന്നത്.

അമിതാഭ് ബച്ചനും ഐശ്വര്യയും ബ്രാന്റ് അംബാസിഡര്‍മാരായ ജ്വല്ലറിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നടക്കും. ബ്രാന്റ് അംബാസിഡറായശേഷം ആദ്യമായാണ് ഐശ്വര്യ ഈ ജ്വല്ലറിയ്ക്കുവേണ്ടി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.

കൊച്ചിയിലെത്തി ആ ദിവസം തന്നെ തിരികെ പോകാനാണ് ആഷിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ആരാധ്യയെ കൂടെ കൊണ്ടുവരില്ല.