doodle-winner-2013

ന്യൂദല്‍ഹി: ഗൂഗിള്‍ നടത്തിയ ഡൂഡില്‍ മത്സരം-2013 ല്‍ പൂനെയില്‍ നിന്നുള്ള ഗായത്രി ഖേതരാമന്‍ വിജയിയായി. ആകാശമാണ് ഇന്ത്യന്‍ സ്ത്രീകളുടെ പരിധി എന്ന തലക്കെട്ടില്‍ സൃഷ്ടിച്ച ഡൂഡിലാണ് ഈ പതിനഞ്ചുകാരിയെ വിജയത്തിന് അര്‍ഹയാക്കിയത്.

ശിശുദിനമായ നവംബര്‍ 14-ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോം പേജിനെ അലങ്കരിക്കുന്നത് ഈ ഡൂഡില്‍ ആയിരിക്കും.

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ എല്ലാ വര്‍ഷവും ഡൂഡില്‍ കോണ്ടസ്റ്റ് നടത്താറുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന മത്സരത്തില്‍ ഒന്നാമതെത്തുന്ന ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിളിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഇന്ത്യന്‍ സ്ത്രീത്വം എന്നതായിരുന്നു ഇത്തവണത്തെ വിഷയം.

1.5 ലക്ഷത്തിലധികം എന്‍ട്രികളാണ് ലഭിച്ചതെന്ന് ഗൂഗിള്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ രാജന്‍ ആനന്ദന്‍ വെളിപ്പെടുത്തി.

പുനെയിലെ ബിഷപ് കോ-എഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗായത്രി കഴിഞ്ഞ നാല് വര്‍ഷമായി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 2011-ല്‍ ഗായത്രി തയ്യാറാക്കിയ ഡൂഡില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ലോകത്തിന് ഇന്ത്യയുടെ സംഭാവനകള്‍ എന്നതായിരുന്നു അന്നത്തെ വിഷയം.

ഇത്തവണ ഇന്ത്യന്‍ സ്ത്രീകളെയും അവരുടെ ജീവിതത്തെയും കുറിച്ചുള്ള ഡൂഡിലിലൂടെ ഗായത്രി വിജയം കൈവരിച്ചു.

‘ഏകദേശം ഒരാഴ്ച കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിന് മുമ്പ് നിരവധി ആഴ്ചകള്‍ ഈ വിഷയത്തെക്കുറിച്ചും എന്റെ മനസ്സിലുള്ള ഇന്ത്യന്‍ സ്ത്രീത്വത്തെ എങ്ങനെ മികച്ച രീതിയില്‍ അവതരിപ്പിക്കാമെന്നും ചിന്തിച്ചിരുന്നു.’ ഗായത്രി മനസ് തുറക്കുന്നു.

‘ഇന്ത്യന്‍ സ്ത്രീകളുടെ വ്യത്യസ്ത ഭാവതലങ്ങളാണ് ഡൂഡിലിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്.’

ഗൂഗിള്‍ എന്ന വാക്കിനോട് സാമ്യം പുലര്‍ത്തുന്ന തരത്തിലാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജി (G) എന്ന അക്ഷരത്തിനോട് സദൃശമായ രീതിയിലുള്ള നര്‍ത്തകിയുടെ രൂപമാണ് ആദ്യം. അടുത്ത രണ്ട് അക്ഷരങ്ങളായ ഒ (O)യുടെ സ്ഥാനത്ത് ഒരു രൂപ നാണയവും ഒരു വീടുമാണ് ഒരുക്കിയത്. ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

അടുത്ത ജി (G)യുടെ സ്ഥാനത്ത് സ്ഥിരോത്സാഹത്തെ കുറിയ്ക്കുവാനായി ഭൂമിയെയും ചന്ദ്രനെയുമാണ് പ്രതീകങ്ങളാക്കിയിരിക്കുന്നത്. അടുത്ത അക്ഷരമായ എല്ലി (L) നു പകരം നില്‍ക്കുന്നത് കുഞ്ഞിനെ കൈയിലേന്തിയ സ്ത്രീയാണ്. ഇത് ഭാരതീയ വനിതയുടെ പരിചരണശീലത്തെ കാണിക്കുന്നു.

ധൈര്യത്തെയും മനസ്സുറപ്പിനെയും സൂചിപ്പിക്കാനായി ഇ (E) യുടെ പകരമായി ഉപയോഗിച്ചിരിക്കുന്നത് പൊലീസുകാരുടെ തൊപ്പിയാണ്.

ഇത്തവണ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന് മൂന്ന് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1 – 3 വരെ, 4 – 6 വരെ, 7 – 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഈ വിഭാഗങ്ങള്‍.

ഒന്നാമത്തെ കാറ്റഗറിയില്‍ ലക്‌നൗവില്‍ നിന്നുള്ള മധുറാം വല്‍സല്‍, രണ്ടാമത്തെ കാറ്റഗറിയില്‍ ബലേശ്വര്‍ സ്വദേശിനിയായ ബിനിത ബിശ്വജീത, മൂന്നാമത്തെ കാറ്റഗറിയില്‍ മാംഗ്ലൂര്‍ സ്വദേശിയായ ആകാശ് ഷെട്ടി എന്നിവരാണ് വിജയിച്ചത്.

ഗായത്രി ഓവറോള്‍ ചാമ്പ്യനാണ്.

ഫൈനലിസ്റ്റുകളായി 12 പേരെയാണ് തിരഞ്ഞെടുത്തതെന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും ക്രോംബുക്ക് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കും.

അവധിദിവസങ്ങളുടെയും ചരിത്രദിവസങ്ങളുടെയും പ്രാധാന്യം സൂചിപ്പിക്കാനാണ് ഗൂഗിള്‍ ഹോം പേജില്‍ ഡൂഡില്‍ ഉപയോഗിക്കുന്നത്. ഡെഡിക്കേറ്റഡ് ഡൂഡിലുകളിലൂടെ ഉന്നതവ്യക്തികള്‍ക്ക് ആദരവും സമര്‍പ്പിക്കാറുണ്ട് ഗൂഗിള്‍.