കൊല്ലം:നീണ്ടകരയ്ക്കടുത്ത് അമ്പലപ്പുഴയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍. കൊച്ചി ഹാര്‍ബര്‍ പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി തീരത്തുനിന്നും ബോട്ടില്‍ ഹാര്‍ബര്‍ പോലീസും സംഘവും കപ്പലിലെത്തി 11.30 ഓടുകൂടി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കൊച്ചിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ ഏറണാകുളം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്. കൊല്ലത്തുനിന്ന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചിലിനടുത്തുള്ള എരമത്തുറ സ്വദേശികളായ പിങ്കു എന്നിവരാണ് മരിച്ചത്.

കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് വിദേശ ചരക്കുകപ്പലില്‍ നിന്ന് വെടിയുതിര്‍ത്തതാണെന്നാണ് പ്രാഥമിക വിവരം. എന്റിക്കാലക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലാണിതെന്ന് നേവി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ മത്സ്യബന്ധത്തിനായി നീണ്ടകരയില്‍ നിന്ന് പോയത്. സാധാരണ ദിവസങ്ങള്‍ കഴിഞ്ഞുമാത്രമേ ഇവര്‍ മടങ്ങി വരാറുള്ളൂ. എന്നാല്‍ വെടിവെപ്പും മരണവുമുണ്ടായതിനാല്‍ അവര്‍ ഉടന്‍ തന്നെ നീണ്ടകരയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി 10.30 ഓടെ ഇവര്‍ നീണ്ടകരയിലെത്തി.

മരിച്ച മത്സ്യത്തൊഴിലാളികളുടെ ഇന്‍ക്വസ്റ്റ് കഴിഞ്ഞ് മൃതേദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Malayalam news

Kerala news in English