കൊടുങ്ങല്ലൂര്‍: സ്വത്ത് തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ഹോട്ടലില്‍ എത്തിയ അനുജന്‍ ജ്യേഷ്ഠന്റെ വെടിയേറ്റ് മരിച്ചു. എറിയാട് പുന്നക്കപ്പറമ്പില്‍ പരേതനായ കൃഷ്ണന്റെ മകനും റൂബി ബസ്സുകളുടെ ഉടമയുമായ ബാബു (48) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ രഘുനാഥിനെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.

Ads By Google

ഇന്നലെ വൈകിട്ട് ആറോടെ ശ്രീനാരായണപുരം ശാന്തിപുരത്തെ കല്ലട റസിഡന്‍സി ഹോട്ടലിലാണ് കൊലപാതകം നടന്നത്. വെടിവയ്പ് നടക്കുമ്പോള്‍ മൂത്ത സഹോദരന്‍ കാര്‍ത്തികേയനും ഏറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. രമേശനും കുടുംബ സുഹൃത്തായ വ്യവസായി അബ്ദുല്‍ സലാമും മുറിയിലുണ്ടായിരുന്നു.

ഗള്‍ഫിലും നാട്ടിലുമുള്ള സ്വത്ത് സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. അടുത്തകാലത്ത് ബാബുവിന്, രഘുനാഥ് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ഒരു സ്ഥലം വിറ്റതായി പറയുന്നു. ഈ പ്രശ്‌നമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളായ അബ്ദുള്‍സലാമും എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. രമേശനും ചേര്‍ന്ന് ചര്‍ച്ചയ്ക്കുവെച്ചത്.

രഘുനാഥ് കോഴിക്കോട്ടും മറ്റുള്ളവര്‍ കൊടുങ്ങല്ലൂരുമാണ് താമസിക്കുന്നത്. രഘുനാഥ് ഉച്ചയ്ക്ക് 2.15നു ഹോട്ടലില്‍ മുറിയെടുത്ത് മറ്റുള്ളവര്‍ക്കായി കാത്തിരുന്നു. ആറോടെ മധ്യസ്ഥരും കാര്‍ത്തികേയനും ബാബുവും ഹോട്ടലില്‍ എത്തി.

ചര്‍ച്ച തുടങ്ങിയ ഉടനെ രഘുനാഥ് പാന്റിന്റെ കീശയില്‍നിന്ന് തോക്കെടുത്ത് ബാബുവിനെ വെടിവെച്ചു. നെഞ്ചിന്റെ ഇടതുഭാഗത്ത്‌ വെടിയേറ്റ ബാബു നിലത്തുവീണു. കാര്‍ത്തികേയന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. രഘുനാഥ് തോക്കുമായി പിന്നാലെ ഓടിയെങ്കിലും കാര്‍ത്തികേയന് രക്ഷപ്പെടാന്‍ കഴിഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് താഴെയിറങ്ങി ഹോട്ടല്‍ ജീവനക്കാരോട് വിവരം പറഞ്ഞു. ആരെയും പുറത്തുവിടാതെ ഹോട്ടല്‍ ജീവനക്കാര്‍ ഗേറ്റ് പൂട്ടി. സംഭവത്തിനുശേഷം രോഷത്തോടെ രഘുനാഥ് പത്ത് കിലോമീറ്ററകലെ എറിയാട്ടുള്ള തറവാട്ടുവീടിന് മുന്നിലെത്തിയിരുന്നു. ചന്തപ്പുര എന്ന സ്ഥലത്തുനിന്നാണ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അയാളെ കസ്റ്റഡിയില്‍ എടുത്തത്. തോക്ക് പോലീസ് പിടിച്ചെടുത്തു.

പ്രീതിയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍: രേഷ്മ, അജയ്ബാബു. ബാബുവിന്റെ മൃതദേഹം മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.