Administrator
Administrator
ക്ഷേത്രത്തിനടുത്ത് തീപിടുത്തം: കാരണം ദുരൂഹം
Administrator
Monday 1st August 2011 10:10am

p-temple

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തീര്‍ഥപാദമണ്ഡപത്തിനു സമീപമുണ്ടായ തീപിടിത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു. തീപിടുത്തമുണ്ടായ വ്യാപാര കേന്ദ്രത്തില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നുവെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

വൈദ്യുതി പ്രവാഹമോ ഷോര്‍ട്ട് സര്‍ക്യൂട്ടോ മൂലമുള്ള അപകടമല്ല ഉണ്ടായിരിക്കുന്നതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. കടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. 27 സ്റ്റാളുകളാണ് കടയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ താല്‍ക്കാലിക കരകൗശല വില്‍പനശാലയില്‍ തീപിടുത്തമുണ്ടായത്. ഷെഡ്ഡിനുപുറകുവശത്താണ് ആദ്യം തീ പിടിച്ചത്. വഴിയാത്രക്കാരാണ് തീ പടരുന്നതു കണ്ട് അഗ്‌നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദര്‍ശനശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമനസേനയെയും പോലീസിനെയും വലച്ചു. ഗേറ്റ് പൊളിച്ചാണ് അഗ്‌നിശമന പ്രവര്‍ത്തകര്‍ അകത്തുകടന്നത്. ഈ സമയം തീ ആളിപ്പടരുകയായിരുന്നു. തൊട്ടടുത്ത് മറ്റു കടകളില്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറയ്ക്കാനായി.

Advertisement