കോഴിക്കോട്:  കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 8 കടകള്‍ കത്തിനശിച്ചു. മൊയ്തീന്‍പള്ളി റോഡിന് സമീപമുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലര മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടുത്തം ഉണ്ടാക്കിയ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല.

പത്തോളം അഗ്‌നിശമന യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ വില്‍ക്കുന്ന രണ്ട് കടകളും സ്‌റ്റേഷനറി കടകളുമാണ് കത്തിയത്. കളക്ടര്‍ പി.ബി സലിം, സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തതിന് പിന്നില്‍ അട്ടിമറിസാധ്യതയില്ലെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ പി.വിജയന്‍ അറിയിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് സംശയിക്കുന്നു.

ഇത് രണ്ടാമത്തെ തവണയാണ് മിഠായിതെരുവില്‍ തീപിടുത്തമുണ്ടാവുന്നത്. 2007 ഏപ്രില്‍ നാലിന് ഇവിടെയുണ്ടായ തീപുടുത്തത്തില്‍ 8 പേര്‍ മരിച്ചിരുന്നു. പത്തുകൊടിയിലേറെ നഷ്ടം അന്നുണ്ടായിരുന്നു.