ചെന്നൈ: ശിവകാശിക്ക് സമീപം മുടലിപേട്ടിയില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് 54 പേര്‍ മരിച്ചു. ഓം ശിവശക്തി പടക്കശാലക്കാണ് തീപിടിച്ചത്. 60ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അപകടസമയത്ത് പടക്കശാലയില്‍ 300ഓളം പേരുണ്ടായിരുന്നു. പടക്കശാലയിലെ 60 മുറികളില്‍ 40ഉം കത്തിനശിച്ചു. പരുക്കേറ്റ ഇരുപതിലധികം പേര്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍തന്നെ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ് അറിയിച്ചു.

Ads By Google

സ്‌ഫോടന ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്ന 50ഓളം പേര്‍ ബോധരഹിതരായി. ശക്തമായ പുക ശ്വസിച്ച് നിരവധി പേര്‍ ബോധരഹിതരായിട്ടുണ്ട്.

സ്ഥലത്തേക്ക് പത്ത് ഫയര്‍എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. സ്‌ഫോടനം ഭയന്ന് ഇവര്‍ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് അറിയുന്നത്.

കനത്ത തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ജില്ലാ കലക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സൂക്ഷിക്കാവുന്ന പരിധിയില്‍ അധികം വെടിമരുന്ന് ശേഖരം പടക്കനിര്‍മാണ ശാലയിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിയിലെ തീ സമീപത്തെ ഗോഡൗണിലേക്കും പടര്‍ന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പടക്കനിര്‍മാണ ശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ത്യയിലെ തന്നെ പടക്ക നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമാണ് ശിവകാശി. ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ പടക്കനിര്‍മാണം നടക്കുന്നതിടെയാണ് ദുരന്തം. വിരുദനഗര്‍ ജില്ലയില്‍ വലുതും ചെറുതമായ 600ഓളം പടക്കനിര്‍മാണ ശാലകളാണുള്ളത്.

ശിവകാശി ദുരന്തം ഹെല്‍പ് ലൈന്‍ നമ്പര്‍: 04522532535