റിയാദ്: സൗദി അറേബ്യയിലെ ഹാഇലില്‍ മലയാളികള്‍ നടത്തുന്ന സോഫ ഗോഡൗണിന് തീപിടിച്ച് ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.

മലപ്പുറം ചുങ്കത്തറ സ്വദേശി ജൈസല്‍, മൂത്തേടം താളിപ്പാടം സ്വദേശി അധികാരത്തില്‍ സിദ്ദീഖ്, എടക്കര കല്‍ക്കുളം സ്വദേശി ലാലു, എടക്കര ചെമ്മന്തിട്ട ശശികുമാര്‍, കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സൈനുല്‍ ആബിദ്, വയനാട് മാനന്തവാടി സ്വദേശി ഷിജു വര്‍ക്കി, ഉത്തര്‍പ്രദേശ് സ്വദേശി ലത്തീഫ് എന്നിവരാണ് മരിച്ചത്.

Ads By Google

ഹാഇലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഗഫാറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജൈസല്‍, ഷിജു വര്‍ക്കി എന്നിവരുടെ മൃതദേഹങ്ങള്‍ ഹാഇല്‍ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലും ബാക്കിയുള്ളവരുടേത് ഹാഇല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമാണുള്ളത്.

നിലമ്പൂര്‍ സ്വദേശി നടത്തുന്ന സോഫ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. 13 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ടു പേര്‍ ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. ഇവരെ യാത്രയയച്ച ശേഷം ഉറങ്ങാന്‍ കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്.

സോഫ സെറ്റ് നിര്‍മാണത്തിനുള്ള സ്‌പോഞ്ചുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ഗോഡൗണിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് ഉറങ്ങിയവരാണ് ദുരന്തത്തിനിരയായത്. തീപൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്. നാലു പേര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.