കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാളയം മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം. മാര്‍ക്കറ്റിന് സമീപത്തുള്ള ഭാരത് ഹോട്ടലിന്റെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം.

സമീപത്തെ അഞ്ചോളം കടകളിലേക്കും തീപടര്‍ന്നു. ഇവ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപിടിത്തമിപ്പോള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായി.

തീപിടിത്തമുണ്ടായി രണ്ടു മണിക്കൂറിനുശേഷവും അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും പോയ ഫയര്‍എന്‍ജിനുകള്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ആദ്യമെത്തിയ ഫയര്‍എന്‍ജിനുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അഗ്നി പടരുന്നത് ഒഴിവാക്കാനാകുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിനിടെ തീ കെടുത്തുന്നതില്‍ അഗ്‌നിശമനസേന വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ചിലര്‍ ജില്ലാ കളക്ടറെ പി.ബി സലീമിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അഗ്നിശമനസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ പിന്നീടാണ് സ്ഥലത്തെത്തിയത്. പാളയത്തെ സര്‍ക്കാര്‍ ആസ്പത്രിക്കും പെട്രോള്‍ പമ്പിനും സമീപമാണ് തീപ്പിടിത്തം ഉണ്ടായത്.

രാവിലെ ഹോട്ടലില്‍ എത്തിയ ജീവനക്കാരാണ് അടുക്കള ഭാഗത്ത് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ വളരെ വേഗം സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Malayalam news

Kerala news in English