ടെഹ്‌റാന്‍: ഇറാന്‍ തീരത്ത്  തീപിടിച്ച  എണ്ണക്കപ്പലിലെ നാവികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടലില്‍ ഡോക്യുമെന്ററി ഷൂട്ടിംഗ് സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.  ദുബായില്‍ നിന്ന് എണ്ണയുമായി ബാന്ദാര്‍ അബ്ബാസ് തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്.

തെക്കന്‍ ബുഷേര്‍ പ്രവിശ്യാ തീരത്ത് വെച്ചാണ് അപ്രതീക്ഷിതമായി കപ്പലില്‍ തീ പിടിത്തമുണ്ടായത്. ഇതേ സമയം കടലില്‍ ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്ന സംഘം കപ്പലില്‍ അകപ്പെട്ടുപോയ നാവികര്‍ക്കു സഹായഹസ്തവുമായെത്തുകയായിരുന്നു.

ഡോക്യുമെന്ററി ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി ഇവര്‍ മടങ്ങാന്‍ ഒരുങ്ങവേയാണ് ദൂരെ നിന്നുള്ള കപ്പലില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ടത്. ഉടന്‍ തന്നെ കപ്പലിനെ ലക്ഷ്യം വെച്ച് സിനിമാ സംഘം അടുത്തു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്ന നാവികര്‍ക്ക് സിനിമാ സംഘം തുണയാവുകയായിരുന്നു. ഇവരെ സിനിമാ സംഘത്തിന്റെ ബോട്ടില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു.

എഞ്ചിന്‍ റൂമിലുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. അഗ്നിശമന സേനയെത്തി ഒന്നരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്.  ഉരുവിലുണ്ടായിരുന്ന ഒന്‍പതു ജീവനക്കാരില്‍ എട്ടു പേരും ഇറാനികളാണ്. ഒരാള്‍ വിദേശിയാണെന്നാണു നിഗമനം.

Malayalam News

Kerala News In English