അഞ്ചല്‍ : നിലമേല്‍ ജങ്ഷനിലെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന ഷോപ്പിങ് കോംപ്ലെക്‌സില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റും വാഹനങ്ങളും കത്തിനശിച്ചു.

പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസും മൂന്ന് ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു. പെട്രോള്‍ പമ്പിലേക്ക് തീപടരും മുമ്പേ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപിടുത്തത്തില്‍ രണ്ട് കോടിരൂപയുടെ നാശനഷ്ടം ഉണ്ടായി. ആളപായമില്ല.

നിലമേല്‍ പെട്രോള്‍ പമ്പിന് സമീപം ഫൗസിയ ഷോപ്പിങ് കോംപ്ലസിലെ സൂപ്പര്‍മാര്‍ക്കറ്റാണ് കത്തിനശിച്ചത്. ഗള്‍ഫ് വ്യവസായിയായ സിയാവുദീനാണ് കെട്ടിടം വാടകയ്‌ക്കെടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്നത്.

പുലര്‍ച്ചെ പത്രവിതരണക്കാരായായിരുന്നു വന്‍ അഗ്നിബാധ ആദ്യംകണ്ടത്. ഇഴര്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചു. കടയ്ക്കല്‍ പോലീസും ഫയര്‍ഫോഴ്‌സുമെത്തി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് പുനലൂര്‍, കൊട്ടാരക്കര, ആറ്റിങ്ങല്‍, കൊല്ലം, എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സും വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാരും സ്ഥലത്തെത്തി അഗ്നിബാധ കെടുത്താന്‍ ഏറെ ശ്രമം നടത്തുകയായിരുന്നു. രാവിലെ ഏഴോടെയായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

പെട്രോള്‍ പമ്പിന് തീപിടിച്ചുവെന്നാണ് ആദ്യം കരുതിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ത്രിവേണി എന്ന സ്വകാര്യബസില്‍ ഈ സമയം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം ജെ.സി.ബി ഉപയോഗിച്ച് കത്തിക്കൊണ്ടിരുന്ന ബസ് വലിച്ച് പമ്പിന് പുറത്തേക്കിട്ടശേഷമാണ് തീകെടുത്താന്‍ തുടങ്ങിയത്.

വാഹനങ്ങള്‍ കത്തിനശിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ചടയമംഗലം എം.എല്‍.എ മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടു.