ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ അഗ്നിബാധയുണ്ടായി. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും സബ് എഞ്ചിനീയര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വൈകീട്ട് അഞ്ചേമുക്കാലോടെ അഞ്ചാം നമ്പര്‍ ജനറേറ്ററിലാണ് അഗ്നിബാധയുണ്ടായത്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മിന്നലുണ്ടാവുകയും അഗ്നിബാധയുണ്ടാവുകയും ചെയ്യുകയായിരുന്നു.

ഈ മേഖലയില്‍ കനത്ത മഴ പെയ്യുകയാണിപ്പോള്‍. പദ്ധതി പ്രദേശത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ ആഴത്തിലാണ് പവര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതായി സംശയമുണ്ട്.

130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റത്തുള്ളത്. സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും നിര്‍വ്വഹിക്കുന്ന ഇടുക്കി പദ്ധതിയുടെ ജനറേറ്ററാണ് ഇവ. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് പുക പടര്‍ന്നിരിക്കയാണ്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

മൂലമറ്റത്ത് ജനറേറ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. നാല് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനം ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ ജനറേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
മറ്റു സ്ഥലങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ദിവസത്തോളം വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.