മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റ് മന്ദിരത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു പൊള്ളലേറ്റു. ഉച്ചകഴിഞ്ഞു 2.45ന് ആയിരുന്നു തീപിടിത്തം. ഏഴുനിലക്കെട്ടിടത്തിന്റെ അഞ്ച്, ആറ്, ഏഴ് നിലകളില്‍ ആണ് ആദ്യം തീപടര്‍ന്നത്.

ഉടന്‍ തന്നെ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ നാലു മന്ത്രിമാരെയും മലയാളികളായ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ അന്ന ഡാനി, താങ്ക്‌സി ഫ്രാന്‍സിസ് തെക്കേക്കര എന്നിവര്‍ ഉള്‍പ്പെടെ നാലായിരത്തിലേറെപ്പേരെയും അരമണിക്കൂറിനകം ഒഴിപ്പിച്ചു.

അഞ്ചാം നിലയില്‍ ആദിവാസിക്ഷേമ മന്ത്രി ബബന്റാവു പച്പുതെയുടെ ഓഫിസിലെ എസിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. മുകളിലേക്കു പടര്‍ന്ന തീ ഏഴാം നിലയില്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ഓഫിസുകള്‍വരെ എത്തുകയായിരുന്നു.

മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ ഓഫിസ് ഉള്‍പ്പെടെ മൂന്നു നിലകള്‍ കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് തീയണക്കാന്‍ സാധിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഓഫിസിലും സമീപത്തുമായാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുണെയില്‍നിന്ന് അജിത് പവാറിനെ കാണാനെത്തിയ രണ്ട് എന്‍.സി.പി പ്രവര്‍ത്തകരെ കാണാനില്ലെന്നു വാര്‍ത്ത പരന്നിരുന്നു. തുടര്‍ന്നാണു് രാത്രി പത്തോടെ ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. അര്‍ധരാത്രിയോടെ ഒരു മരണം കൂടി സ്ഥിരീകരിച്ചു.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ബി.ജെ.പി ദുരൂഹത പ്രകടിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആദര്‍ശ് കേസുമായി നേരിട്ടു ബന്ധപ്പെട്ട നഗരവികസന മന്ത്രാലയം അഞ്ചാം നിലയിലായതാണു സംഭവം അട്ടിമറിയാണെന്ന ആരോപണത്തിനു കാരണം. നഗരവികസന വകുപ്പിന്റെ ഫയലുകളെല്ലാം സ്‌കാന്‍ ചെയ്തു പകര്‍പ്പെടുത്തിട്ടുള്ളതിനാല്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.

തീപടര്‍ന്ന ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയെന്ന ആക്ഷേപവും ഉണ്ട്. ആറ്, ഏഴ് നിലകളില്‍ കുടുങ്ങിയ 65 പേരെ അഗ്നിശമനസേന എത്തിയശേഷമാണു രക്ഷപ്പെടുത്തിയത്. ദ്രുതകര്‍മസേന, ഫോഴ്‌സ് വണ്‍ തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കുന്ന വിഭാഗങ്ങളും രണ്ടു നാവികസേനാ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

സെക്രട്ടറിയേറ്റില്‍ സുപ്രധാന ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന നിലകളിലാണു തീ പടര്‍ന്നത്. അഞ്ചാം നിലയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആഭ്യന്തരവകുപ്പ് ഓഫിസ് എന്നിവയും ഏഴാം നിലയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ എക്‌സ്റ്റന്‍ഷന്‍ ഓഫിസ് എന്നിവയുമുണ്ട്. മുഖ്യമന്ത്രിയുടെ പി.ആര്‍.ഒ സതീഷ് ലളിത്, ഉപമുഖ്യമന്ത്രിയുടെ പിആര്‍ഒമാരായ വിശാല്‍ ധാഗെ, സഞ്ജയ് ദേശ്മുഖ്, ആഭ്യന്തരമന്ത്രിയുടെ പിആര്‍ഒ കിഷോര്‍ ഗംഗുര്‍ഡെ എന്നിവര്‍ പരുക്കുകളോടെ ചികില്‍സയിലാണ്.