ട്രിപ്പോളി: ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ റിബലുകളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ട്രിപ്പോളിയില്‍ പോരാട്ടം ശക്തമാകുന്നതായും വന്‍ വെടിവയ്പ്പു നടക്കുന്നതായും വാര്‍ത്തകളുണ്ട്. രാജ്യത്തിന്റെ പലഭാഗത്തു നിന്നും വെടിയൊച്ചകള്‍ ഉയരുന്നുണ്ട്. അതേസമയം വെടിയൊച്ച കേള്‍ക്കുന്നത് ആഘോഷങ്ങളുടെ ഭാഗമായാണെന്നാണ് സര്‍ക്കാരിന്റെ വാദം.

തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ നിന്ന് 50 കിലോമീറ്റര്‍  അകലെയുള്ള സവിയ്യ നഗരം പിടിക്കാന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്ന സൈന്യവും പ്രക്ഷോഭകരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന യുദ്ധത്തില്‍ കുറഞ്ഞത് 70 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലിബിയയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആഫ്രിക്കന്‍ യൂണിയനോ, യു.എന്നോ ശ്രമിക്കണമെന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ടി നിഷ്പക്ഷ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭൂരിഭാഗവും പ്രക്ഷോഭകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഭരണകൂടം ഈ വാര്‍ത്ത നിരസിച്ചു. പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്.