കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച
പുലര്‍ച്ചെ 4നുണ്ടായ തീപിടിത്തത്തില്‍ 90പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവര്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.

മരിച്ചവരില്‍ 80 പേരും രോഗികളാണ്. മൂന്ന് പേര്‍ നഴ്‌സുമാരാണ്. മരിച്ചവില്‍ രണ്ട് പേര്‍ മലയാളികളാണ്. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍.  പുകശ്വസിച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്.

ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം ഐ.സി.യു, ഐ.സി.സി.യു, ഐ.ടി.യു, അത്യാഹിത വിഭാഗം എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തം ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പുകയുയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. കൂടാതെ തീപടരുന്നത് തടയാനുള്ള യാതൊരു സംവിധാനവും ആശുപത്രിയിലുണ്ടായിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തീപടരുന്നത് നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും ആശുപത്രിയുടെ നാല് നിലകള്‍ കത്തിനശിച്ചു.

ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തയാണ് തീയണച്ചത്. അഗ്‌നിബാധയുണ്ടായ മുറികളുടെ ചില്ലുതകര്‍ത്തും മറ്റുമാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിച്ചത്. പുകഉയരുന്നതുകാരണം ശ്വാസംമുട്ടിയാണ് ഭൂരിപക്ഷം പേരും മരിച്ചത്. ഇനിയും ആളുകള്‍ ആശുപത്രിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മമത ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആശുപത്രി ്അധികൃതര്‍ അറിയിച്ചു. എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.

Malayalam news