കൊല്‍ക്കത്ത: നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുളള ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. 90 വയസ്സുള്ള സ്ത്രീ അടക്കം 22 പേരെ രക്ഷപ്പെടുത്തി. കത്തിക്കരിഞ്ഞ നിലയില്‍ 10 മൃതദേഹങ്ങള്‍ രാത്രിയോടെ ആറാം നിലയില്‍നിന്നുമാണ് കണ്‌ടെടുത്തത്. ഇവര്‍ പുരുഷന്‍മാരാണോ സ്ത്രീകളാണോയെന്നു പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ എസ് എസ് കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിഭ്രാന്തരായ ചിലര്‍ താഴേക്കു ചാടിയതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. അഞ്ചും ആറും നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രമുഖ രാഷ്ട്രീയ നേതക്കന്മാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവീതം സഹായധനം നല്‍കുമെന്ന് സംസ്ഥാന അഗ്‌നിശമനസേനാ വകുപ്പ് മന്ത്രി പ്രതിം ചാറ്റര്‍ജി അറിയിച്ചു. അഞ്ചാം നിലയ്ക്കും ആറാം നിലയ്ക്കുമിടയിലെ ലിഫ്റ്റിലാണ് തീപ്പിടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ‘വീഴ്ച്ച’ വരുത്തിയതായി മമത ബാനര്‍ജി പറഞ്ഞു.