എഡിറ്റര്‍
എഡിറ്റര്‍
നാവികസേന കപ്പലില്‍ വീണ്ടും അപകടം: കമാന്‍ഡര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 7th March 2014 7:23pm

ins-ship

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണത്തിലുള്ള അതിനൂതന യുദ്ധകപ്പലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു നാവികന്‍ മരിച്ചു.
കമാന്‍ഡര്‍ പദവിയിലുള്ള നാവിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

എന്‍ജിന്‍ മുറിലെ അഗ്‌നിശമന സംവിധാനത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാനുള്ള ശ്രമത്തിനിടെയാണ് കമാന്‍ഡര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

പൊട്ടിത്തെറിച്ച കാര്‍ബണ്‍ഡയോക്‌സൈഡ് സിലിണ്ടറിന്റെ വാല്‍വ് നാവിക ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ശക്തിയായി പതിക്കുകയായിരുന്നു.

നാവിക ആസ്ഥാനത്തിന് സമീപം മസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ ഐ.എന്‍.എസ് കോല്‍ക്കത്ത എന്ന കപ്പലിലാണ് അപകടമുണ്ടായത്.

മുംബൈ തുറമുഖത്ത് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന നൂതന യുദ്ധകപ്പലാണ് ഐ.എന്‍.എസ് കോല്‍ക്കത്ത. ഒരാഴ്ചക്കുള്ളില്‍ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്.

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് നാവികസേനയുടെ അന്തര്‍വാഹിനിയായ   ഐ.എന്‍.എസ് സിന്ധുരത്‌നയിലുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ നാവികസേന മേധാവി ഡി.കെ ജോഷി രാജിവെച്ചിരുന്നു.

അതിനിടെ കൈപ്പിഴകൊണ്ടാണ് അന്തര്‍വാഹിനി കപ്പലായ സിന്ധുരത്‌ന അപകടത്തില്‍പ്പെട്ടതെന്നു വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കെടുകാര്യസ്ഥത അപകടത്തിന്റെ ആക്കം കൂട്ടിയെന്നും യുദ്ധക്കപ്പല്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisement