തിരുവനന്തപുരം: തിരുവനന്തപുരം കുന്നംകുഴിക്കുസമീപമുള്ള ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ തീപിടുത്തം. പരിശോധന കഴിഞ്ഞ സാധനങ്ങള്‍ സൂക്ഷിക്കുന്ന റൂമിലാണ് തീപിടുത്തമുണ്ടായത്.

ഇന്നുപുലര്‍ച്ചെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ പ്രധാനകേസുകളുടേതുള്‍പ്പെടെ ഒട്ടേറെ സാമ്പിളുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവം അട്ടമറിയാണെന്നാണ് പോലീസിന്റെയും ഫോറന്‍സിക് അധികൃതരുടെയും പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രധാന കേസുകളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രധാനമായും അബ്കാരി കേസുമായി ബന്ധപ്പെട്ട സാമ്പിളുകളാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. പരിശോധകഴിഞ്ഞവയാണിവ എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഫ്യൂസ് വയറിനോ ഇലക്ട്രിക് കേബിളുകള്‍ക്കോ കേടുവന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഓഫീസിന്റെ പുറകുവശത്തെ ജനലിനടുത്താണ് തീപിടുത്തം ആദ്യമുണ്ടായത്. അതിനാല്‍ ജനലിനുപുറത്തുനിന്നും തീ ഉള്ളിലേക്കിട്ടതാകാം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.