ആലപ്പുഴ: തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് ബോട്ടിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് ബോട്ടില്‍ തീപടര്‍ന്നത്. അമ്പലപ്പുഴ സ്വദേശി ജെയിംസിന്റെ ഉടമസ്ഥതയിലുള്ള അറയ്ക്കല്‍ രണ്ട് എന്ന ബോട്ടിനാണ്‌ തീപിടിച്ചത്.

Ads By Google

അപകടകാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ബോട്ടിന്റെ മുകള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

ആലപ്പുഴയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ബോട്ടില്‍ അധികം ആളുകളില്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്താനായതും അപകടത്തിന്റെ തീവ്രത കുറച്ചു.

ബോട്ടിന്റെ അടുക്കളയില്‍ നിന്നാണ് തീ ആദ്യം ഉയര്‍ന്നത്. ഉടന്‍ തന്നെ ബോട്ടിന്റെ മേല്‍ത്തട്ടിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തീപടരുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.