പാലക്കാട്:  ചെര്‍പ്പുളശേരി പന്നിയാം കുറിശ്ശിയില്‍ പടക്കനിര്‍മാണ ശാലയിലുളള തീപിടുത്തത്തില്‍ മരണം ഏഴായി.[innerad]

പടക്കനിര്‍മാണ ശാലയുടെ ഉടമ മുഹമ്മദിന്റെ മകന്‍ ചെര്‍പ്പുളശേരി താഴത്തേതില്‍ മുസ്തഫ,കോങ്ങാട് സദാനന്ദന്‍(47),പാലത്തിങ്കല്‍ സുകുമാരന്‍ , മേക്കാട് സുരേഷ്‌  , കോങ്ങാട് സ്വദേശി മണി  എന്നിവരാണ് മരിച്ചത്‌

ഗുരുതരമായി പൊള്ളലേറ്റ പൊന്നിന്‍ കുരിശ് സ്വദേശി രാമന്‍  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്‌ .  മൂന്ന് പേരുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും ലഭിക്കുകയായിരുന്നു

നാല്‍പതോളം പേര്‍ ജോലിയെടുത്തിരുന്ന പടക്കശാലയില്‍ അപകട സമയത്ത് എട്ടു പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

വള്ളുവനാടന്‍ ഉത്സവങ്ങള്‍ക്ക് വന്‍ തോതില്‍ കരാറെടുക്കുന്ന ആളാണ് ഈ പടക്കനിര്‍മാണ ശാലയുടെ ഉടമസ്ഥായ മുഹമ്മദ്. ഇവിടെ വന്‍തോതില്‍ വെടിമരുന്നു ശേഖരം ഉണ്ടായിരുന്നതായും വിവരമുണ്ട്.

തീപിടുത്തം നിയന്ത്രണാതീതമാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തില്‍ പൊളളലേറ്റവര്‍ക്ക്  അടിയന്തിര സഹായമായി അനുവദിച്ചതായും ഇവിടെ അളവില്‍ കൂടുതല്‍ വെടിമരുന്ന് സംഭരിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ പറഞ്ഞു.

പടക്കനിര്‍മാണ ശാലയുടെ സമീപത്ത് തന്നെയാണ് ഗോഡൗണും സ്ഥിതി ചെയ്യുന്നത്. 12.30 നാണ് അപകടം നടന്നത്.

എന്നാല്‍  റോഡില്‍ നിന്നും വളരെയധികം അകലെ ഒരു മലയുടെ മുകളിലാണ് പടക്ക നിര്‍മാണ ശാലയുള്ളത്. ഇതു കാരണം ഫയര്‍ഫോഴ്‌സിന് 1.30 ഓടെയാണ് സംഭവസ്ഥലത്ത് എത്താനായത്.

വേനല്‍ കടുത്തതിനാല്‍ സമീപ പ്രദേശങ്ങളില്‍ പുല്‍ തകിടികളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ് . ഇതാണ് തീപിടുത്തത്തിനിടയാക്കിയതെന്നാണ് അറിയുന്നത്.

അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാനാണ് സാധ്യത.  ഉച്ചയോടെ വലിയൊരു ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഔക്കര്‍ മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്  പടക്ക നിര്‍മാണ ശാല.