എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി: ലക്ഷ്മി നായര്‍ക്കെതിരായ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് പുറത്ത്
എഡിറ്റര്‍
Thursday 2nd February 2017 5:16pm

fir


പേരൂര്‍ക്കട സി.ഐ ലോ അക്കാദമിയലെ ഈവനിംഗ് ക്ലാസ്സ് വിദ്യാര്‍ത്ഥിയായതിനാലാണ് ലക്ഷമി നായര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് എന്ന പരാതി ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.


തിരുവനന്തപുരം: തിരുവന്തപുരം ലോ അക്കാദമി വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അപമാനിച്ചു എന്ന പരാതിയിലെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


Also read വിദ്യാര്‍ത്ഥികള്‍ക്കായി ഇടിമുറി തീര്‍ത്ത വെള്ളാപ്പള്ളി കോളേജിലെ സുഭാഷ് വാസുവും ബി.ജെ.പിയുടെ ലോ അക്കാദമി സമര പന്തലില്‍ 


ക്യാമ്പസിനു മുന്നിലെ പൊതു സ്ഥലത്ത് വച്ച് പരസ്യമായി ജാതിപേരു വിളിച്ചു എന്ന പരാതിയില്‍ എസ്.സി ആന്‍ഡ് എസ്. ടി പ്രിവന്റേഷന്‍ ആക്ട് സെക്ഷന്‍ 3 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് കോളേജ് മാനേജ്‌മെന്റിന്റെ അനാസ്ഥമൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഗ്രാന്റ്‌
ലഭിക്കുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥി നല്‍കിയ പത്ര വാര്‍ത്തയുടെ വിദ്വേഷം കാരണമാണ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ക്യാമ്പസിനു മുന്നിലെത്തിയ വിദ്യാര്‍ത്ഥിയോട് സഹപാഠികളുടെ മുന്നില്‍ വച്ച് സമാന ജാതിക്കാരനായ സഹപാഠിക്ക് ഇല്ലാത്ത പരാതിയെന്താണ് നിനക്ക് എന്നായിരുന്നു ജാതി പേരു വിളിച്ച് കൊണ്ട് പ്രിന്‍സിപ്പല്‍ ചോദിച്ചത്.

സഹപാഠികളുടെ മുന്നില്‍വെച്ച് പരസ്യമായി അപമാനിച്ചതിനാല്‍ മാനഹാനിയും മനോവിഷമവും ഉണ്ടായെന്നതിനാല്‍ എസ്.സി പ്രിവന്റേഷന്‍ ആക്ട് പ്രകാരം കേസ് എടുത്തു എന്നും പേരൂര്‍ക്കട എസ്.ഐ പ്രേം കുമാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്‌തെന്ന് പരാതി ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റു നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് വസ്തുത.


എസ്.സി ആന്‍ഡ് എസ്. ടി പ്രിവന്റേഷന്‍ ആക്ട് സെക്ഷന്‍ 3 പ്രകാരം എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ അപമാനിക്കുന്നത് ആറുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നിരിക്കേ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. പേരൂര്‍ക്കട സി.ഐ ലോ അക്കാദമിയലെ ഈവനിംഗ് ക്ലാസ്സ് വിദ്യാര്‍ത്ഥിയായതിനാലാണ് ലക്ഷമി നായര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് എന്ന പരാതി ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Advertisement