ലക്‌നൗ: നോട്ട്മാല വിവാദത്തിലൂടെ രാജ്യ ശ്രദ്ധ നേടിയ, ബി എസ് പിയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് തിങ്കളാഴ്ച ലക്‌നോവില്‍ നടന്ന റാലിയില്‍ തേനീച്ച ആക്രമണം ഉണ്ടായ സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം ആരംഭിച്ചു. അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ മായാവതി സംസാരിച്ചുകൊണ്ടിരുക്കുമ്പോഴാണ് തേനിച്ചകള്‍ വേദിയില്‍ നിറഞ്ഞത്.

ഏകദേശം ഒന്നര ലക്ഷത്തോളം നേനീച്ചകളാണ് മായാവതിയെ ആക്രമിച്ചതെന്നാണ് ഉന്നതതല പോലീസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആക്രമണത്തെ ശാന്തമായും അക്ഷോഭ്യമായും നേരിട്ട മായാതിയെ പോലീസ് റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ട്. മായാവതി സംയമനം വെടിഞ്ഞിരുന്നുവെങ്കില്‍ തിക്കും തിരക്കിലുമായി വന്‍ ദുരന്തമുണ്ടാകുമായിരുന്നെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ?, തേനീച്ചയെ ഇളക്കിവിടാന്‍ ആരാണ് തീകൊളുത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. തീകൊളുത്തി നാശം വിതച്ചതിനും പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് ആഷിയാന പോലീസ് സ്റ്റേഷനില്‍ കേസ് എടുത്തിരിക്കുന്നതെന്ന് ഡി.ഐ.ജി രാജീവ് കൃഷ്ണ അറിയിച്ചു.
വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നതിനാല്‍ സംഭവം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുകമൂലമുള്ള ശല്യത്തെ തുടര്‍ന്നാണ് തേനീച്ചകള്‍ ഇളകിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും ഡി ഐ ജി രാജീവ് കൃഷ്ണ പറഞ്ഞു

എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്നാണ് മായാവതി പറയുന്നതെന്ന ചോദ്യവുമായി എ ഐ സി സി. അംഗം ദിഗ്‌വിജയ്‌സിങ് രംഗത്തെത്തി. തേനീച്ചകള്‍ക്കെതിരായാണോ പോലീസ് കേസെടുക്കുന്നതെന്നും ഇത് പരിഹാസ്യമായ നടപടിയായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.