ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ മകനും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെതിരെ കേസ്. ഭൂമി വിലകുറച്ച് ലഭിക്കാന്‍ ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ സ്റ്റാലിന്‍ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.

സ്റ്റാലിനെയും അടുത്ത അനുയികളായ ആറു പേര്‍ക്കുമെതിരെ തമിഴ്‌നാട് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിക്കഴിഞ്ഞു. എഫ്.ഐ.ആറില്‍ സ്റ്റാലിനെതിരെയും മകന്‍ ഉദയനിധി മാരനെതിരെയും പരാമര്‍ശമുണ്ട്.

2010 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റാലിന്റെ വീടിനോട് ചേര്‍ന്നുള്ള എന്‍.എസ് കുമാര്‍ എന്നയാളുടെ ഭൂമി കുറഞ്ഞവിലക്ക് ഭീഷണിപ്പെടുത്തി സ്റ്റാലിന്‍ അടുത്ത ബന്ധുവിന് മാര്‍ക്കറ്റ് വിലയിലും കുറഞ്ഞ നിരക്കില്‍ വില്‍പ്പന നടത്തിക്കൊടുത്തു എന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും വിലക്കയറ്റത്തില്‍ നിന്നും ജയലളിതക്കെതിരായ കേസുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരമൊരു കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

ഡി.എം.കെ.അധികാരത്തിലിരിക്കുമ്പോള്‍ ഇത് സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥന്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ജയലളിത അധികാരത്തിലെത്തിയപ്പോള്‍ കേസെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 120 (ബി), 506 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്.

ഡി.എം.കെയുടെ നിരവധി നേതാക്കള്‍ക്കെതിരെ സംസ്ഥാനത്ത് പലയിടത്തും ഭൂമി ഇടപാട് കേസുകള്‍ നിലവിലുണ്ട്. ഡി.എം.കെ. എം.പി റിതീഷ് കുമാര്‍, മുന്‍ മന്ത്രിമാരായ കെ.എന്‍ നെഹ്‌റു, വീരപാണ്ടി അറുമുഖം, എന്‍.കെ.കെ.പി.രാജ, കെ.പൊന്‍മുടി എന്നിവര്‍ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

Malayalam News

Kerala News in English