കൊല്‍ക്കത്ത: ബംഗാളിലെത്തുന്ന സ്ത്രീകള്‍ക്ക് 15 ദിവസത്തിനപ്പുറം ബലാത്സംഗത്തെ അതിജീവിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവനയില്‍ ബി.ജെ.പി നേതാവും നടിയുമായ രൂപാ ഗാംഗുലിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിംത പൊലീസ് സ്റ്റേഷനിലാണ് രൂപക്കെതിരായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരസ്യമായ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Dont Miss മുണ്ടുടുത്തതിന്റെ പേരില്‍ മാളില്‍ പ്രവേശനം നിഷേധിച്ചെന്ന് സംവിധായകന്‍; ഇംഗ്ലീഷില്‍ തര്‍ക്കിച്ചപ്പോള്‍ പ്രവേശനം ലഭിച്ചെന്നും ആശിഷ്


കോണ്‍ഗ്രസിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിച്ചായിരുന്നു രൂപാ ഗാംഗുലി രംഗത്തെത്തിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ സ്ത്രീകളായ ബന്ധുക്കളെ പശ്ചിമബംഗാളിലേക്ക് അയക്കണമെന്നും അവര്‍ക്ക് 15 ദിവസത്തിലപ്പുറം ബലാത്സംഗത്തെ അതിജീവിച്ച് അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും രൂപാ ഗാംഗുലി കുറ്റപ്പെടുത്തിയിരുന്നു.

മമത ബാനര്‍ജിയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടിക്കാരേയും താന്‍ വെല്ലുവിളിക്കുകയാണ്. മമത ബാനര്‍ജിയുടെ സംരക്ഷണം ഇല്ലാതെ ഇവര്‍ അവരുടേയും മക്കളേയും സഹോദരിമാരേയും ഭാര്യമാരേയും ബംഗാളിലേക്ക് അയക്കാന്‍ തയ്യാറുണ്ടോ? അവിടെ അവര്‍ ബലാത്സംഗത്തിനിരയാകാതെ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? എന്നായിരുന്നു രൂപാ ഗാംഗുലിയുടെ ചോദ്യം.

മമതാ ബാനര്‍ജി അവരുടെ ബന്ധുക്കളായ സ്ത്രീകളേയും കുടുംബക്കാരേയും പശ്ചിമബംഗാളിലേക്ക് എത്തിക്കുകയും അവര്‍ അവിടെ ബലാത്സംഗത്തിന് വിധേയരാകാതെ 15 ദിവസം നില്‍ക്കുകയും ചെയ്യുന്ന പക്ഷം തന്റെ പ്രസതാവന താന്‍ പിന്‍വലിക്കുമെന്നും രൂപാ ഗാംഗുലി പറഞ്ഞിരുന്നു.