എഡിറ്റര്‍
എഡിറ്റര്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്ന് പി.ചിദംബരം
എഡിറ്റര്‍
Tuesday 9th October 2012 12:00am

ന്യൂദല്‍ഹി: അടുത്ത ആറ് മാസ്ത്തിനുള്ളില്‍ പൊതുമേഖലാ കമ്പനികളിലെ ഓഹരി വിറ്റഴിച്ച് 30,000 കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം. വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് ( ആര്‍.ഐ.എന്‍.എല്‍.വിശാഖ് സ്റ്റീല്‍)ന്റെ പത്ത് ശതമാനം ഓഹരിവിറ്റ് കൊണ്ട് ഇതിന് തുടക്കംകുറിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം  പത്രാധിപന്‍മാരുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

Ads By Google

പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരിവില്‍പ്പനയ്ക്കുള്ള വില, തീയതി തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രിതല സമിതി ഇന്ന്് യോഗം ചേരുന്നുണ്ട്.  എന്‍.ടി.പി.സി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ, എന്‍ജിനീയേഴ്‌സ് ഇന്ത്യ, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ കമ്പനികളിലെ ഓഹരികളും വിറ്റഴിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആദര്‍ശത്തിന്റെയും തത്വത്തിന്റെയും അടിസ്ഥാനത്തിലല്ല സാമ്പത്തിക പരിഷ്‌കരണത്തെ സമീപിക്കേണ്ടത്.

സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സുകളായ വ്യത്യസ്ത മേഖലകളില്‍ പരിഷ്‌കരണം നടത്തുന്നതിന് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ആദര്‍ശത്തിന്റയും തത്വത്തിന്റെയും അടിസ്ഥാനത്തിലല്ല അതിനെ സമീപിക്കേണ്ടതെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശനിക്ഷേപമെന്നത് ഭയപ്പെടേണ്ട സംഗതിയല്ല. അത് എവിടെ, എങ്ങനെ അനുവദിക്കണമെന്ന് നിശ്ചയിക്കാനുള്ള പരമാധികാരം നമുക്കുണ്ട്. ചിദംബരം പറഞ്ഞു.

 

ചില്ലറവ്യാപാര മേഖലയിലാവട്ടെ വിദേശനിക്ഷേപം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടത്തുന്നതിനുള്ള രേഖ ആദ്യം തയ്യാറാക്കിയത് എന്‍.ഡി.എ. ഭരണകാലത്താണ്. കാര്‍ഷികമേഖലയിലെ വിതരണശൃംഖല മെച്ചപ്പെടുത്താനും ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാവാനും ഇത് ആവശ്യമാണെന്നായിരുന്നു അന്ന് എന്‍.ഡി.എ. നിലപാടെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ അടിയന്തിരമായി 600 കോടിയോളം ഡോളറിന്റെ നിക്ഷേപം ആവശ്യമുണ്ടെന്നും മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണെന്നും ചിദംബരം പറഞ്ഞു.  ഇന്ത്യ സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ത്തന്നെയാണ്.

2010ലെ 5.3 ശതമാനത്തിന്റെ സ്ഥാനത്ത് ആഗോള സമ്പദ്ഘടന തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളില്‍ 3.9, 3.3 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടു കൊല്ലത്തിനിടെ 2008-09ലും 2011-2ലും മാത്രമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴുശതമാനത്തിന് താഴെ വളര്‍ച്ച രേഖപ്പെടുത്തിയത് അദ്ദേഹം പറഞ്ഞു.

Advertisement