എഡിറ്റര്‍
എഡിറ്റര്‍
നികുതി വെട്ടിപ്പ് തടയാനുള്ള ‘ഗാര്‍’ നിയമത്തിന് അന്തിമരൂപമായി
എഡിറ്റര്‍
Monday 19th November 2012 12:39am

ന്യൂദല്‍ഹി: വിദേശനിക്ഷേപം വഴിയുള്ള നികുതി വെട്ടിപ്പ് തടയാനുള്ള ഗാര്‍(‘ഗാര്‍’ ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍സ്) നിയമത്തിന് അന്തിമരൂപമായതായി കേന്ദ്രധനമന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് നിക്ഷേപം അനിവാര്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നതിനാല്‍ ‘ഗാര്‍’ മയപ്പെടുത്താനാണ് സാധ്യത.

Ads By Google

ആദായനികുതി നിയമത്തിന്റെ 10 എ വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. അന്തിമരൂപം ഇനി പ്രധാനമന്ത്രിയുടെ ഓഫിസ് പരിശോധിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം തേടും. 2012-13ലെ ബജറ്റില്‍ ‘ഗാര്‍’ കൊണ്ടുവരാനുള്ള നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വിദേശനിക്ഷേപകരും ആഭ്യന്തരനിക്ഷേപകരും അതിനെ ശക്തിയായി എതിര്‍ത്തു.

നിക്ഷേപകരെ നികുതിവകുപ്പ് പിഴിയുമെന്ന ആശങ്കയായിരുന്നു ഇതിനു കാരണം. ‘ഗാര്‍’ മുഖേന ആദായനികുതി അധികൃതരുടെ അധികാരം വര്‍ധിക്കും. നികുതിവെട്ടിപ്പ് മാത്രം ലക്ഷ്യമാക്കി ഇടപാട് നടന്നാല്‍, നികുതി ആനുകൂല്യം ഇടപാടുകാര്‍ക്ക് നിഷേധിക്കാന്‍ ആദായനികുതി വകുപ്പിന് ഈ നിയമം മൂലം കഴിയും. മറ്റൊന്ന്, മൗറീഷ്യസ് വഴി ഇന്ത്യയിലെത്തുന്ന വിദേശനിക്ഷേപം നികുതി വിധേയമായിത്തീരും എന്നതാണ്.

നിക്ഷേപകരുടെ ആശങ്കകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പിന്നീട് പാര്‍ഥസാരഥി ഷോം തലവനായ സമിതിയെ നിയമിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷോം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘ഗാര്‍’ പ്രയോഗത്തില്‍ വരുത്താനുള്ള ഏറ്റവും കുറഞ്ഞ നികുതിപരിധി മൂന്ന് കോടി രൂപയാക്കണമെന്നാണ് സമിതി നിര്‍ദേശിച്ചത്.

വരുമാനം കണക്കാക്കുന്ന ഉദ്യോഗസ്ഥന്റെ നിഗമനം പരിശോധിക്കാന്‍ കമ്മീഷണറും കമ്മീഷണറുടെ നിഗമനം വിലയിരുത്താന്‍ ‘അപ്രൂവല്‍ പാനലും’ വേണമെന്നതാണ് മറ്റൊരു നിര്‍ദേശം 2013 ഏപ്രിലിനുശേഷം ഉണ്ടാകുന്ന വരുമാനത്തിന് മാത്രമേ ഗാര്‍ വകുപ്പുകള്‍ ബാധകമാകൂ എന്ന് നിര്‍ദേശമുണ്ടായിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മുഴുവനായും സ്വീകരിക്കുകയായിരുന്നില്ലെന്നാണ് ധനമന്ത്രി സൂചിപ്പിച്ചത്.

നിക്ഷേപകര്‍ക്ക് അനുയോജ്യമായ കാലാവസ്ഥ ഉണ്ടാക്കാനുള്ള നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ചിദംബരം പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് തടസ്സമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന കാരണത്താല്‍ വ്യവസായലോകം പുതിയ നിക്ഷേപങ്ങള്‍ക്ക് മടിക്കുകയാണ്. സാമ്പത്തിക കാലാവസ്ഥ അത്ര മെച്ചപ്പെട്ടതല്ലാത്തതും മറ്റൊരു കാരണമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളോട് അവരുടെ മിച്ചം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. 25ഓളം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മിച്ച ഫണ്ടുകളുണ്ട്. പൊതുമേഖലാ മാനേജിങ് ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം ഇനി വിലയിരുത്തുക അവര്‍ എത്ര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

നിക്ഷേപമാണ് രാജ്യത്തിന്റെ അടിയന്തര ആവശ്യം. നിക്ഷേപത്തിന്റെ ‘എന്‍ജിന്‍’ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടും ചിദംബരം ചൂണ്ടിക്കാട്ടി.

Advertisement