ട്രിപളി: ലിബിയന്‍ ജനത കൈവശംവച്ചിരിക്കുന്ന ആയുധങ്ങള്‍എത്രയും പെട്ടന്ന് സൈന്യത്തിനു കൈമാറണമെന്ന് ലിബിയന്‍ ഭരണനേതൃത്വം ജനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി. നാറ്റോ ആക്രമണം അവസാനിപ്പിച്ച് സൈന്യം മടങ്ങിയെങ്കിലും ആയുധങ്ങള്‍ പലരും സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളാണ് ഈ മാസം അവസാനത്തോടെ  കൈമാറാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മാര്‍ച്ച് 31 ന് ആരംഭിച്ച ലിബിയന്‍ നാറ്റോ ദൗത്യം  എട്ടുമാസത്തെ പോരാട്ടത്തിനു ശേഷം  ഗദ്ദാഫി യുഗം അവസാനിപ്പിച്ച ശേഷവും  ഒരു വലിയ വിഭാഗം ജനങ്ങള്‍ അനധികൃതമായി ആയുധങ്ങള്‍ വീടുകളിലും മറ്റ് താവളങ്ങളിലും  സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് ഭരണനേതൃത്വം ആഹ്വാനം ചെയ്തത്. ജനങ്ങള്‍ ആയുധങ്ങള്‍ സ്വന്തമായി സൂക്ഷിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കനത്ത  ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Subscribe Us:

കൈവശം വെച്ചിരിക്കുന്ന ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍  സാധാരണജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ആയുധം സൂക്ഷിക്കുന്നവരില്‍ ഏറിയ ശതമാനവും തൊഴില്‍രഹിതരാണെന്നും ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
ഒരു പക്ഷേ ലിബിയന്‍ ജനത ഇക്കാലമത്രയും നേരിട്ട അതേ പ്രതിസന്ധിയിലേക്ക് രാജ്യം വീണ്ടും ചെന്നെത്തില്ലെന്ന് പറയാന്‍ കഴിയില്ല. ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഗദ്ദാഫി മരിച്ചതിനു ശേഷം ്അത്തരത്തിലുള്ള വാക്കുകളൊന്നും പാലിക്കാന്‍ ഭരണനേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പാവപ്പെട്ട ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനത്തിലും തൊഴില്‍ നല്‍കുന്ന കാര്യത്തിലും ഭരണനേതൃത്വം മുന്‍കൈ എടുത്തില്ലെങ്കില്‍ ലിബിയ വീണ്ടും ഒരു പ്രക്ഷോഭത്തിനു കൂടി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.