ശ്രീനഗര്‍: കാശ്മീരിലെ പ്രക്ഷുബ്ധ അന്തരീക്ഷത്തിന് അറുതി വരുത്തുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണ രൂപമായില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മദ്ധ്യസ്ഥ പ്രതിനിധികള്‍ അറിയിച്ചു. 1953ന് മുമ്പുള്ള സ്ഥിതി കാശ്മീരില്‍ പുന:സ്ഥാപിച്ചേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മധ്യസ്ഥര്‍.

ഇത്തരം വാര്‍ത്തകള്‍ തികച്ചും ഊഹാപോഹം മാത്രമാണെന്ന് മധ്യസ്ഥരായ ദിലീപ് പട്ഗാവോങ്കര്‍, രാധാ കുമാര്‍, എം.എം.അന്‍സാരി എന്നിവര്‍ പറഞ്ഞു. തങ്ങള്‍ കശ്മീരിലെ വിവിധ സംഘടനാ നേതാക്കളുമായി സംസാരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു.

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നിവയൊഴികെ എല്ലാ വകുപ്പുകളിലും കാശ്മീരിന് മാത്രമായുള്ള അധികാരപരിധി നല്‍കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് മധ്യസ്ഥര്‍ പരിഗണിക്കുന്ന എന്ന റിപ്പോര്‍ട്ടുകളാണുണ്ടായിരുന്നത്. 1953ന് തൊട്ടുമുമ്പുള്ള സ്ഥിതിക്ക് സമാനമാണിത്.

ഒക്‌ടോബര്‍ 12ന് സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.