ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പറുമായ റാഫേല്‍ നദാല്‍ നാലാം സീഡുകാരനായ ആന്‍ഡി മുറെയുമായി മത്സരിക്കും. മറ്റൊരു സെമി മത്സരത്തില്‍ ലോക ഒന്നാം നമ്പറുകാരനായ നൊവാക് ദ്യോക്കോവിച്ച് മൂന്നാം റാങ്കുകാരനും അഞ്ച് വട്ടം യു എസ് ഓപ്പണ്‍ കിരീട ജേതാവുമായ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡററുമായി മത്സരിക്കും. 1992ന് ശേഷം ഇതാദ്യമായാണ് നാല് മുന്‍നിര താരങ്ങളും ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തുന്നത്.

വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ഇരുപത്തി ഒന്നാം റാങ്കുകാരനായ ആന്‍ഡി റോഡിക്കിനെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ തുടര്‍ച്ചയായ നാലാം തവണയും യു എസ് ഓപ്പണിന്റെ സെമി ഫൈനലിലിടം കണ്ടെത്തിയത്. സ്‌കോര്‍: 6-2, 6-1, 6-3. പതിനൊന്നാം ഗ്രാന്‍സ് ലാം കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുറെയുമായുള്ള സെമിഫൈനല്‍ മത്സരം ശനിയാഴ്ചയാണ്. ഇരുപത്തിയെട്ടാം സീഡുകാരനായ ജോണ്‍ ഇസ്‌നറെ നാല് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മുറെ സെമിയിലെത്തിയത്.

രണ്ടാം സെമിയില്‍ 16 ഗ്രാന്‍സ് ലാം കിരീടം നേടി ചരിത്രം സൃഷ്ടിച്ച ഫെഡറര്‍ ലോക ഒന്നാം നമ്പറുകാരനായ ദ്യോക്കോവിച്ചിനെ നേരിടും. വിംബിള്‍ഡണ്‍, ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളടക്കം ഈ വര്‍ഷം ഒന്‍പത് കിരീടങ്ങള്‍ സ്വന്തമാക്കിയ ദ്യോക്കോവിച്ച് മികച്ച ഫോമിലാണ്. ഈ സീസണില്‍ 62 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ദ്യോക്കോവിച്ച് തോറ്റത്. എന്നാല്‍ ദ്യോക്കോവിച്ചിന് സീസണിലെ ആദ്യ തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്നത് ഫെഡററില്‍ നി്ന്നായിരുന്നു. ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനലിലായിരുന്നു ഫെഡറര്‍ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇരുവരുമുള്ള സെമിഫൈനല്‍ മത്സരവും നടക്കുക.