ന്യൂദല്‍ഹി: വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍­ക്ക് നഷ്­ട പ­രി­ഹാ­രം നല്‍­കു­ന്ന­തി­ന് കേന്ദ്രം നിയ­മം കൊ­ണ്ട് വ­രുന്നു. രണ്ടായിരം രൂപ മുതല്‍ നാലായിരം രൂപ വരെയാ­ണ് ഇ­ങ്ങിനെ നഷ്ടപരി­ഹാ­രം നല്‍­കേ­ണ്ടത്. ഈ മാസം 15 മുതല്‍ ചട്ടം പ്രാബല്യത്തില്‍ വരും.

വിമാനം ഒരു മണിക്കൂര്‍വരെ വൈകിയാല്‍ രണ്ടായിരം രൂപയും രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ മൂവായിരം രൂപയും രണ്ട് മണിക്കൂറിലധികം വൈകിയാല്‍ നാലായിരം രൂപയുമാണ് വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതിനു പുറമേ തടസങ്ങളുണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും താമസസൗകര്യവും നല്‍കണം. യാത്രക്കാരുടെ എണ്ണം സീറ്റെണ്ണത്തേക്കാള്‍ കൂടുതലാകുമ്പോള്‍ ബോര്‍ഡിങ് പാസ് ലഭിക്കാതെ പോകുന്നവര്‍ക്കും ഇതേ നിരക്കില്‍ നഷ്ടപരിഹാ­രം നല്‍­ക­ണ­മെന്നും ച­ട്ട­ത്തില്‍ പ­റ­യുന്നു.

അ­തേ­സമയം സ്‌ഫോടനങ്ങള്‍, യുദ്ധം, ആക്രമണം, പ്രകൃതി ക്ഷോഭം, എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ നിയന്ത്രണങ്ങള്‍, സമരങ്ങള്‍, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുട­ങ്ങി­യ­വ കാര­ണം വി­മാ­നം വൈ­കു­ക­യാ­ണെ­ങ്കില്‍ ന­ഷ്ട പ­രി­ഹാ­രം നല്‍­കേ­ണ്ട­തില്ല. ഓരോ വിമാ­നവും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സമയത്തെക്കുറിച്ചും ടിക്കറ്റ് നിരക്കുകളെക്കുറിച്ചും യാത്രക്കാര്‍ക്ക് യഥാസമയം വിവരം നല്‍­ക­ണ­മെന്നും യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ വിമാനക്കമ്പനികളും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ചട്ടം നിര്‍ദേശിക്കുന്നു.