Categories

സിനിമാ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി

കൊച്ചി : മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സമരമായി മാറുമെന്ന് നടന്‍ സുരേഷ്‌ഗോപി പറഞ്ഞു.  പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിയണം. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇത് ദേശീയ പ്രശ്‌നമായി എടുത്ത്  നീത്യന്യായ സ്ഥാപനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നടക്കാന്‍ പോകുന്ന ദുരിതത്തെകുറിച്ചോര്‍ത്ത് കഴിയുന്ന കുഞ്ഞുങ്ങളും ജനസമൂഹമാണ് ഇവിടെയുള്ളത്. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തമിഴ്‌നാടും ജയലളിതയും ഒരുപോലെ കനിയേണ്ടിയിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളുടെ അപേക്ഷയാണ്. തമിഴ് നാടിനെ ഒറ്റപ്പെടുത്താന്‍ ആരും ശ്രമിക്കുന്നില്ല. ഇതിനിടയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കായി പൊരുതുന്നവര്‍ ഭയാശങ്ക സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെകാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്ന് നടന്‍ ദിലീപ് അറിയിച്ചു. പ്രശ്‌നങ്ങള്‍ സമാധാനമായി പരിഹരിക്കണമെന്നും കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ പ്രശ്‌നത്തെ നേരിടണം.
സിനിമയിലെയും രാഷ്ടീയത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാരും ഒറ്റക്കെട്ടാണെന്ന് നടനും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ ഈ മണ്ണിലാണ് ജീവിക്കുന്നത്. ഡാമിന് വേണ്ടി പ്രശ്‌നമുണ്ടാക്കുകയല്ല മറിച്ച് പ്രശ്‌നത്തെ സമാധാനപരമായി സമീപിക്കാന്‍ കഴിയുകയാണ് വേണ്ടത്.

ഈ വിഷയത്തില്‍ ആദ്യമായി വേണ്ടത് രാഷ്ട്രീയപരമായ പരിഹാരമാണെന്ന് ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ ജനതയ്‌ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പ്രാര്‍ത്ഥനായഞ്ജത്തില്‍ നിര്‍മ്മാതാക്കളും സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.