മുംബൈ: ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ശ്യം ബെനഗല്‍.

ഗാന്ധിയെ കുറിച്ചുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി സ്‌കൂളുകളിലും കോളേജുകളിലും ടെലിവിഷനുകളിലും പ്രദര്‍ശിക്കപ്പെടുമ്പോള്‍ യുവതലമുറയുടെ ചിന്തയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.

Ads By Google

പുതിയ തലമുറയില്‍ ഗാന്ധിയുടെ ഓര്‍മ്മകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം ചിത്രങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഗാന്ധിജിയുടെ 143 ാമത് ജന്മദിനത്തിന്റെ സ്മരണാര്‍ത്ഥം ‘ബാപ്പു’ എന്ന പേരില്‍ മുംബൈയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബെനഗല്‍.

ഒക്ടോബര്‍ 2 മുതല്‍ 5 വരെയാണ് ചലച്ചിത്രോത്സവം. 1996 ലാണ് ബെനഗല്‍ ‘ദി മെയ്ക്കിങ് ഓഫ് മഹാത്മ’ എന്ന പടം സംവിധാനം ചെയ്തത്. ഇന്തോ- സൗത്ത് ആഫ്രിക്കന്‍ പ്രൊഡക്ഷന്‍ ടീമാണ് ചിത്രം നിര്‍മ്മിച്ചത്.

ഇംഗ്ലീഷിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും മികച്ച നടനുള്ള ദേശീയ അവാര്‍ഡും ‘ദി മെയ്ക്കിങ് ഓഫ് മഹാത്മ’യ്ക്കായിരുന്നു.

ചിത്രത്തില്‍ ഗാന്ധിയായി വേഷമിട്ടത് രജിത് കപൂര്‍ ആയിരുന്നു.