ബോളിവുഡില്‍ ഒരു ചിത്രം വിജയിക്കുകയെന്നത് നൂറ് കോടി ചാര്‍ട്ടില്‍ ഇടംനേടുകയെന്നതായി മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെ ഈ നൂറ് കോടി ചാര്‍ട്ട് അത്ര ആകര്‍ഷിക്കുന്നില്ല. സിനിമ എത്രകാലം നിലനില്‍ക്കുന്നുവെന്നതാണ് തന്നെ ആകര്‍ഷിക്കുന്നതെന്നാണ് കരണ്‍ പറയുന്നത്.

Ads By Google

‘ എന്തിനാണ് 100 കോടി കടന്നെന്ന രീതിയില്‍ ചിത്രങ്ങളെ ടാഗ് ചെയ്യുന്നത്. 100 കോടി കടക്കാന്‍ വേണ്ടി വളരെയധികം സമ്മര്‍ദ്ദമാണ് പലഘട്ടങ്ങളിലുമുണ്ടാവുന്നത്. എന്നാല്‍ 100 കോടി വാരിയ ചിത്രങ്ങള്‍ എല്ലാകാലവും നിലനില്‍ക്കണമെന്നില്ല. സിനിമയുടെ ദീര്‍ഘായുസ്സാണ് എനിക്ക് പ്രധാനം’ കരണ്‍ പറഞ്ഞു.

‘100 കോടി വാരുകയെന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ അതില്‍ 10 കോടിയോ അതിലധികമോ കുറഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങളുടെ സിനിമ ചെറുതാണെന്നല്ല’ കരണ്‍ വിശദീകരിക്കുന്നു.

നേരത്തെ നല്ല കഥയും പ്രേക്ഷകരെ ആകര്‍ഷിക്കുനന ഗാനങ്ങളുമായിരുന്നു ബോളിവുഡില്‍ വിജയത്തെ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ 100 കോടി നേടുന്ന ചിത്രങ്ങളെയാണ് ബ്ലോക്ക്ബസ്റ്ററുകളുടെ കൂട്ടത്തില്‍പ്പെടുത്തുന്നതെന്നും കരണ്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ കരണ്‍ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണിപ്പോള്‍.