മുംബൈ: പുതിയ എഴുത്തുകാരെ സിനിമാക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഫിലിംമേക്കര്‍ ഒനിര്‍. കഴിവുള്ള എഴുത്തുകാര്‍ക്ക് യാതൊരു കുറവുമില്ല. എന്നാല്‍ പഴയ അതേ സ്റ്റൈലിലുള്ള സ്റ്റോറികളുമായി മുന്നോട്ട് പോകാനാണ് സംവിധായകര്‍ക്ക് താല്‍പര്യം. ഇതാണ് സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ നല്ല എഴുത്തുകാരോ കഥകളോ ഇല്ലാത്തതാണ് പ്രശ്‌നമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ വിശ്വസിക്കുന്ന ആളുകളും കുറവായിരിക്കും. നിരവധി എഴുത്തുകാരും കഥകളും ഇവിടെയുണ്ടെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പണമിറക്കുന്ന ആളുകള്‍ക്ക് ഇവരെ വിശ്വാസമില്ല.’ ഒനിര്‍ മുംബൈയില്‍ പറഞ്ഞു.

‘ ആരോ ഉണ്ടാക്കിവെച്ച സിനിമകള്‍ റീമേക്ക് ചെയ്യാനാണ് അവര്‍ക്ക് താല്‍പര്യം. അതാവുമ്പോള്‍ സുരക്ഷിതമല്ലേ. കഥകളുടെയല്ല കാഴ്ചപ്പാടുകളുടെ അഭാവമാണ് ഇപ്പോഴുള്ളതെന്നാണ് എനിക്ക് തോന്നുന്നത്.’ അദ്ദേഹം വ്യക്തമാക്കി.

മൈ ബ്രദര്‍ നിഖില്‍, അയാം തുടങ്ങിയ ഒനിറിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അയാം എന്ന ചിത്രം രണ്ട് വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. മികച്ച ഹിന്ദി ചിത്രത്തിനും, മികച്ച ഗാനരചനയ്ക്കുമുള്ള അവാര്‍ഡ്. തുടക്കത്തില്‍ അധികം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയാതിരുന്നിട്ടും ഈ ചിത്രം പിന്നീട് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഒനിര്‍ പറയുന്നു. ഈ സിനിമയെ അംഗീകരിച്ച ജനങ്ങള്‍ക്ക് താന്‍ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൗരംഗയാണ് ഒനിറിന്റെ അടുത്ത ചിത്രം. ഷാബ് എന്ന മറ്റൊരു ചിത്രവും തന്റെ ആലോചനയിലുണ്ടെന്ന് ഒനിര്‍ പറഞ്ഞു.

Malayalam news

Kerala news in English