എഡിറ്റര്‍
എഡിറ്റര്‍
‘ആരുഷിവധം’ സിനിമയാക്കാന്‍ താല്‍വാര്‍ ദമ്പതിമാര്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം
എഡിറ്റര്‍
Saturday 30th November 2013 1:36pm

arushi

ഗാസിയാബാദ്: മനുഷ്യമനസാക്ഷിയെ നടുക്കിയ ആരുഷി വധക്കേസ് സിനിമയാക്കുവാന്‍ പ്രതികളായ മാതാപിതാക്കള്‍ക്ക് സിനിമാ നിര്‍മ്മാതാവ് ക്ലിപ് എഫ് റൂണിയാര്‍ഡ്‌സ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു.

ലണ്ടന്‍ അധിഷ്ഠിത എഴുത്തുകാരനും സിനിമാ നിര്‍മ്മതാവുമാണ് വെള്ളിയാഴ്ച്ച പ്രതികളെ കാണാന്‍ ദാസ്‌നാ ജയിലിലെത്തിയത്. ആരുഷിയുടെ ജീവിതം സംബന്ധിച്ചുള്ള കഥ പുസ്തകമാക്കാനും സിനിമയാക്കാനും അനുവദിച്ചാല്‍ അഞ്ച് കോടി നല്‍കാമെന്നാണ് വാഗ്ദാനം.

എന്നാല്‍ ജയില്‍ചട്ടപ്രകാരം  15 ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ക്ക് മാത്രമേ പ്രതികളെ സന്ദര്‍ശിക്കാവൂ എന്ന് വ്യവസ്ഥയുള്ളതിനാലും നൂപുറിന്റെ ബന്ധുക്കള്‍ വ്യാഴാഴ്ച്ച സന്ദര്‍ശിച്ചതിനാല്‍ ആ അവസരം കഴിഞ്ഞുപോയതിനാലും ഇരുവര്‍ക്കും ഡോക്ടര്‍ ദമ്പതിമാരെ കാണാനായില്ല.

ജയിലില്‍ രാജേഷിനും ഭാര്യ നൂപുറിനും ദന്തപരിചരണമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ്‌രാജ് ശര്‍മ്മ വ്യക്തമാക്കി.

സിനിമാ നിര്‍മ്മതാവ് ക്ലിപ് എഫ് റൂണിയാര്‍ഡ്‌സ് വന്നിരുന്നുവെന്നും എന്നാല്‍ ബുധനാഴ്ച്ച നൂപുറിന്റെ സഹോദരന്‍ സമീറും സഹോദരി റിതുവു സഹോദരന്റെ ഭാര്യ ശ്രീലേഖയും വന്നിരുന്നതിനാല്‍ 14 ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് അദ്ദേഹത്തെ തിരിച്ചുവിട്ടുവെന്നും ശര്‍മ പറഞ്ഞു.

രാജേഷും നൂപുറും മറ്റെല്ലാവരെയുംപോലെ ജോലി ചെയ്യുന്നുണ്ടെന്നും എല്ലാ ജയില്‍ മര്യാദകളും അനുസരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ കൊല്ലപ്പെട്ട മകള്‍ ആരുഷിയുടെയും വീട്ടുവേലക്കാരന്‍ ഹേംരാജിന്റെയും കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കള്‍ തന്നെയാണെന്ന് ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

Advertisement